X

ഗതാഗത മാര്‍ഗ്ഗങ്ങള്‍ തടപ്പെട്ടു; ഒറ്റപ്പെട്ട് ജില്ലകള്‍, മാധ്യമ പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ കുടുങ്ങി

സമീപ ജില്ലകളിലേക്കുള്ള പ്രധാന പാതകള്‍ എല്ലാം മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തടസപ്പെട്ടതോടെ പാലക്കാട് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയയിലാണ്.

കനത്ത മഴയും പ്രളയവും മുലം സംസ്ഥാനത്ത് മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായതോടെ പല ജില്ലകളും ഒറ്റപ്പെട്ടു. സമീപ ജില്ലകളിലേക്കുള്ള പ്രധാന പാതകള്‍ എല്ലാം മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തടസപ്പെട്ടതോടെ പാലക്കാട് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയയിലാണ്. മൂന്നാര്‍ മേഖലയിലടക്കം കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുഴുവന്‍ തകരാറിലായി. ഭാരമേറിയ വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതും അധികൃതര്‍ വിലക്കിയിട്ടുണ്ട്.

അതിനിടെ, ഗതാഗത മാര്‍ഗങ്ങള്‍ പുര്‍ണമായും തടസപ്പെട്ടതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന് സമീപത്ത് മാധ്യമ പ്രവര്‍ത്തകര്‍ കുടുങ്ങിയതായും റിപോര്‍ട്ടുകളുണ്ട്. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാനങ്ങളിലേതുള്‍പ്പെടെ 37ഓളം പേരാണ് ഡാമിന് സമീപം കുടുങ്ങിക്കിടക്കുന്നത്. ചെറുതോണി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശയങ്ങളും വാര്‍ത്തകളും ശേഖരിക്കുന്നതിനായെത്തിയവരാണ് കുടുങ്ങിയത്. ഫോണിലെ ചാര്‍ജ്ജ് ഉള്‍പ്പെടെ തീര്‍ന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. റോഡുകളെല്ലാം അപകടത്തിലായതിനാല്‍ ഗതാഗതം പൊലീസ് നിയന്ത്രണത്തിലാണ്. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ഇന്ന് മഴയ്ക്ക കുറവ് വന്നിട്ടുണ്ടെങ്കിലും പാലക്കാട് ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭാരതപ്പുഴയും തൂതപ്പുഴയും കരകവിഞ്ഞൊഴുകയും കുതിരാനില്‍ മലയിടിഞ്ഞതുമാണ് ജില്ലയില്‍ നിന്നും പുറത്തോട്ടുള്ള ഗതാഗതം തടസപ്പെട്ടത്. പട്ടാമ്പി പാലം കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. ഇതിലൂടെ ഗതാഗതം സാധ്യമല്ല. ജില്ലയില്‍നിന്ന് തൃശൂര്‍, മലപ്പുറം ഭാഗത്തേക്കു പോകാന്‍ മാര്‍ഗമില്ല. പള്ളിപ്പുറത്തിനും കുറ്റിപ്പുറത്തിനും ഇടയില്‍ പാലങ്ങള്‍ക്കിടയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ട അവസ്ഥയിലാണ്. അട്ടപ്പാടി ചുരത്തില്‍ നാലിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും മുടങ്ങി. കുതിരാനില്‍ ഒരു വശത്തുകൂടിയുള്ള ഗതാഗതം വൈകിട്ടോടെ പുനഃസ്ഥാപിക്കാന്‍ കഴിമെന്ന്ാണ് വിലയിരുത്തലെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. അതേസമയം, കോമ്പത്തൂര്‍ക്കുള്ള ദേശീയപാതയില്‍ വടക്കഞ്ചേരി മുതല്‍ വാളയാര്‍ വരെ തടസ്സങ്ങളില്ല. ഭാരതപ്പുഴ കരകവിഞ്ഞതോടെ ആനക്കരയില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാന്‍ ബോട്ടുകള്‍ എത്തി. ജില്ലയില്‍ തുറന്ന 86 ദുരിതാശ്വാസ ക്യാംപുകളില്‍ 7892 പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇതിനിടെ നെന്മാറ ഉരുള്‍ പൊട്ടലില്‍ കാണാതായ ഒരാളുടെയും തിരുവിഴാംകുന്നില്‍ കാണാതായ ഒരാളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

കോട്ടയം

കോട്ടയം ജില്ലയില്‍ നി്്ന്നുള്ള പ്രധാന പാതകളില്‍ വെള്ളം കയറിയതോടെ ജില്ലയും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എംസി റോഡ്, എസി റോഡ്, കെകെ റോഡ്, എറണാകുളം റോഡ് ഗതാഗതം സ്തംഭിച്ചു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത ഇന്ധന ക്ഷാമവും ജില്ലയെ ബാധിച്ചിട്ടുണ്ട്. കോട്ടയം നഗരം, കുമരകം, ചങ്ങനാശേരി, വൈക്കം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

എറണാകുളം

കൊച്ചിയില്‍ നിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള റോഡുകളൊന്നും സഞ്ചാരയോഗ്യമല്ലാതയിട്ടുണ്ട്. പെരുമ്പാവൂര്‍, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും തൃശൂര്‍ അടക്കമുള്ള ജില്ലകളിലേക്ക് ഇപ്പോള്‍ പ്രവേശിക്കാനാവില്ല. പറവൂര്‍ വഴിയും ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്.

തൃശൂര്‍

തൃശൂര്‍ നഗരത്തില്‍ വെള്ളം കയറിയതോടെ കെഎസ് ആര്‍ടിസി ബസ്റ്റാന്‍ഡ് അടച്ചു. തൃശൂര്‍ പട്ടണത്തില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയുമാണ്. പ്രളയം രൂക്ഷമായ മാള, തൃപ്രയാര്‍ ചാവക്കാട് മേഖലയിലും നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുതിരാന്‍ മലയിടിഞ്ഞതും ചാലക്കുടി പുഴ കര കവിഞ്ഞതും ജില്ലയില്‍ നിന്നും പുറത്തേക്കുള്ള പ്രധാന പാതകളില്‍ ഗതാഗതം തടസപ്പെട്ടു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ദേശീയ പാതയും അടച്ചിരിക്കുകയാണ്.

അതേസമയം ദേശീയപാത 47ല്‍ അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനും മധ്യേയുള്ള തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഇതോടെ ദേശീയപാത 47ല്‍ ഈ ഭാഗത്തും ഗതാഗതനിയന്ത്രണമുണ്ട്.