X

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലെ പ്രതികളായ എസ്എഫ്‌ഐക്കാര്‍ പൊലീസ് ലിസ്റ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയത് അന്വേഷിക്കുന്നു

അഖില്‍ വധശ്രമ കേസിലെ എല്ലാ പ്രതികളും പൊലീസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലെ ഒന്നും രണ്ടും പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. പ്രതി എഎന്‍ നസീം കോളേജ് ഹോസ്റ്റലിലുള്ളതായി അറിഞ്ഞിട്ടും പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്ന് പരാതിയുണ്ട്. സംഭവ ദിവസം വൈകീട്ട് ആറ് മണി വരെ ഇവര്‍ സ്റ്റുഡന്റ്‌സ് സെന്ററിലുണ്ടായിരുന്നു. അഖിലിനെ കുത്തിയ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് ഒന്നാം പ്രതി. യൂണിറ്റ് സെക്രട്ടറി എഎന്‍ നസീം രണ്ടാം പ്രതിയും. ഇരുവരേയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പി എസ് സി റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നതായി ആരോപണമുണ്ട്. അഖില്‍ വധശ്രമ കേസിലെ എല്ലാ പ്രതികളും പൊലീസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതായാണ് ആരോപണം. രഹസ്യാന്വേഷണ വിഭാഗം പി എസ് സിയില്‍ നിന്ന് വിവരം ശേഖരിക്കും. കണ്ണൂരിലെ കെഎപി 4 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ നിയമനത്തിനായി പി എസ് സി ഒന്നാം തീയതി പുറത്തിറക്കിയ റാങ്ക് ലിസ്റ്റാണ് വിവാദമായത്. രാഷ്ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയത് എന്നും കോപ്പിയടിച്ചാണ് ഉയര്‍ന്ന റാങ്ക് നേടിയത് എന്നുമാണ് ആരോപണം. ഈ സാഹചര്യത്തില്‍ പി എസ് സിയെ സമീപിച്ച് ഇവരുടെ ഹാള്‍ ടിക്കറ്റുകള്‍ അടക്കം പരിശോധിക്കാന്‍ തീരുമാനിച്ചത്. നിയമനം നടത്തുന്നതിന് മുമ്പ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം ആഭ്യന്തര വകുപ്പിനെ അറിയിക്കും.