X

ഉന്നാവോ: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, എയർലിഫ്റ്റിങ്ങ് ഇന്നുണ്ടായേക്കില്ല

സിബിഐ സംഘം ആശുപത്രിയിലെത്തി.

ദുരൂഹതയുണർത്തുന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ലഖ്നൗവിൽ ചികിൽസയിൽ കഴിയുന്ന ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്‍റിലേറ്റർ മാറ്റി നോക്കിയിരുന്നു. ഇതിൽ പുരോഗതി വ്യക്തമാണെന്ന് ആശുപത്രി അധികൃതർ അറി‌യിച്ചു. പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ദ ചികിത്സ നൽകാനാവുമെന്നാണഅ പ്രതീക്ഷയെന്നും ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, എയിംസില്‍ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നുള്ള സുപ്രീം കോടതിയുടെ നിർദേശം നിലക്കുമ്പോഴും പെണ്‍കുട്ടിയെ ഉടൻ മാറ്റിയേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ആശുപത്രിമാറ്റുന്നതിനെ കുറിച്ച് നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി പറയുന്നു.

പെണ്‍കുട്ടിക്കുണ്ടായ അപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തീകരിക്കണം. 45 ദിവസത്തിനകം അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അതിനിടെ ഉന്നാവോ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി. പെൺകുട്ടിയുടെ ബന്ധുക്കളുടേതുൾപ്പെടെ മൊഴിയും സംഘം രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

പെണ്‍കുട്ടിക്കും ബന്ധുക്കൾക്കും സിആർപിഎഫിന്‍റെ സംരക്ഷണം നല്‍കണം. സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് സിആര്‍പിഎഫ് കോടതിക്കു നല്‍കണമെന്നും യുപി സര്‍ക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉൾപ്പെടെയായിരുന്നു സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത്.

‘വിശക്കുന്ന ആരെയും ലക്ഷ്യം വെക്കു’ന്ന ദീപീന്ദർ ഗോയൽ; ഭക്ഷണത്തിന് മതം കാണാത്ത സൊമാറ്റോ സംരംഭകൻ

This post was last modified on August 1, 2019 5:48 pm