X

പരിസ്ഥിതി ദിന സന്ദേശം ഫ്ലെക്സ് ബോര്‍ഡിലൂടെ; ഇങ്ങനെയും ആചരിക്കാം

നഗര മാലിന്യ സംസ്കരണത്തെ സംബന്ധിച്ചിടത്തോളം ഒരു ദുസ്വപ്നമായി പ്ലാസ്റ്റിക് മാലിന്യം മാറിയതോടെ ലോകമാകെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിരോധനമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്

അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിക്കാന്‍ ഇന്ന് തിരുവന്തപുരം നഗരത്തില്‍ ഒത്തുചേര്‍ന്നവര്‍ക്ക് സന്തോഷിക്കാന്‍ കൂടുതലായൊന്നും ഏറെയൊന്നുമില്ല. എന്നാല്‍ പരിസ്ഥിതി സ്‌നേഹികളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട് താനും.

മുകളില്‍ കൊടുത്തിരിക്കുന്നതുപോലെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം വ്യക്തമാക്കുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ നഗരത്തില്‍ ആകെ സ്ഥാപിച്ചിരിക്കുന്നതാണ് കാണാനാവുന്നത്.

മനുഷ്യരുടെ ഏക വാസസ്ഥാനമായ ഈ ഗ്രഹം ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയാണ് എന്നതാണ് വാസ്തവം. പോളിത്തീന്‍ കണ്ടുപിടിച്ച 1950കള്‍ മുതല്‍ ഇങ്ങോട്ട് ലോകത്ത് ഏകദേശം 8.3 ശതകോടി ടണ്‍ പ്ലാസ്റ്റിക് മനുഷ്യര്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണക്ക്.

നിയമങ്ങള്‍

ഫ്ലെക്സ് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത് റിപോര്‍ട്ടുകള്‍ അനുസരിച്ച് 1500ല്‍ അധികം ഫ്‌ളക്‌സ് നിര്‍മ്മാണ യൂനിറ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. 2015 ഡിസംബര്‍ 27 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് (GO 3185/2015) സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഫ്ലെക്സ് നിരോധനം നടപ്പിലാക്കിയെങ്കിലും അതിന് വേണ്ടത്ര ഫലം ഇല്ല എന്നുള്ളതാണ്.

പിവിസി ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് പകരം വിഷജന്യമല്ലാത്തതും ദ്രവിക്കുന്നതുമായ പോളിത്തീന്‍ വസ്തുക്കള്‍ ഉപയോഗിക്കണം എന്നും ഉത്തരവ് വ്യക്തമാക്കുന്നു. ശുചിത്വ മിഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോളിത്തീന്‍ പരിസ്ഥിതി സൌഹൃദപരവും പിവിസി ഫ്ലെക്സിന് ബദലായി ഉപയോഗിക്കാം എന്നു വ്യക്തമാക്കിയിട്ടുള്ളതും ആണ്.

ദേശീയ ഹരിത ട്രിബ്യൂണല്‍ 2016 ഡിസംബര്‍ 22 ലെ തങ്ങളുടെ ഉത്തരവ് അനുസരിച്ചു ഹ്രസ്വകാല പിവിസി, ക്ലോറിനേറ്റഡ് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട്, എത്രയും വേഗത്തില്‍ അല്ലെങ്കില്‍ വിധി വന്നു ആറ് മാസത്തിനുള്ളില്‍, ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ വനം പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയങ്ങളോടും സംസ്ഥാന ഗവന്‍മെന്‍റുകളോടും നിര്‍ദേശിക്കുകയുണ്ടായി. 2017 നവംബര്‍ 16നു ഉത്തരവിന്‍ മേലുള്ള നടപടികള്‍ വിലയിരുത്തിക്കൊണ്ട് വനം പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം ആറുമാസ കാലാവധി പാലിച്ചിട്ടില്ല എന്നു ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാണിച്ചു. നവംബര്‍ 16 മുതല്‍ ഇങ്ങോട്ട് രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു.

പ്ലാസ്റ്റിക് ദുരന്തം

പാരിസ്ഥിതികമായി നോക്കുമ്പോള്‍ ഏറ്റവും വലിയ ദുരന്തമാണ് പ്ലാസ്റ്റിക്. പെട്രോളിയം, പ്രകൃതി വാതകങ്ങളുടെ ഉപോല്‍പ്പന്നമായാണ് പ്ലാസ്റ്റിക്ക് പ്രധാനമായും നിര്‍മ്മിക്കപ്പെടുന്നത്. പുനര്‍ നിര്‍മ്മിക്കാനാവാത്ത ഇത്തരം ഇന്ധനങ്ങളുടെ അമിത ചുഷണം പോലും ദുര്‍ബലമായ പരിസ്ഥിതിയെ തകര്‍ക്കും. ഇതോടൊപ്പം പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും സംസ്കരണവും വായു, ജല, മണ്ണ് മലിനീകരണം അടക്കമുള്ളവയ്ക്ക് കാരണമാവുന്നതുമാണ്. കൂട്ടത്തില്‍ കാന്‍സറിന് അടക്കം കാരണമായ വിഷ രാസവസ്തുക്കളും ഉദ്പാദിക്കപ്പെടുന്നുണ്ട്.

വലിയ മാലിന്യ ഭീഷണിയായ പ്ലാസ്റ്റിക് ബാഗുകള്‍ കരയിലും ജലത്തിലുമുള്ള ജീവികള്‍ ഭക്ഷിക്കുന്നത് വലിയ ദുരന്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ജീര്‍ണിക്കാത്ത പ്ലാസ്റ്റിക് മാലിന്യം കുപ്പകളില്‍ കുന്നുകൂടുകയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. നഗര മാലിന്യ സംസ്കരണത്തെ സംബന്ധിച്ചിടത്തോളം ഒരു ദുസ്വപ്നമായി പ്ലാസ്റ്റിക് മാലിന്യം മാറിയതോടെ ലോകമാകെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിരോധനമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 5, 2018 4:16 pm