X

ബലാത്സംഗക്കേസുകളില്‍ രണ്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാകില്ല

രണ്ട് മാസം കൊണ്ട് ബലാത്സംഗ ഇരകളുടെ മൊഴിരേഖപ്പെടുത്തല്‍ പൂര്‍ത്തിയാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ബലാത്സംഗക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നത് അപ്രായോഗികമാണെന്ന് പഠന റിപ്പോര്‍ട്ട്. നിയമമന്ത്രാലയം നിയോഗിച്ച കമ്മിഷനാണ് പതിനഞ്ച് മാസം നീണ്ട പഠനത്തിനൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിആര്‍പിസി 309 വകുപ്പാണ് ബലാത്സംഗക്കേസുകളുടെ വിചാരണ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് മാസം കൊണ്ട് ബലാത്സംഗ ഇരകളുടെ മൊഴിരേഖപ്പെടുത്തല്‍ പൂര്‍ത്തിയാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശരാശരി എട്ടര മാസം ആവശ്യമാണെന്നും ചില സാഹചര്യങ്ങളില്‍ അത് 15 മാസം വരെ നീണ്ടുപോകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പല കാരണങ്ങളാലും കേസില്‍ കാലതാമസം ഉണ്ടായേക്കാം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസവും കേസുകളുടെ ആധിക്യവും ഇത്തരത്തില്‍ കാലതാമസത്തിന് കാരണമായേക്കാം. വിചാരണയില്‍ പങ്കെടുക്കേണ്ട എല്ലാ ഏജന്‍സികളുടെയും സമീപനവും കേസ് അവധിയ്ക്ക് വയ്ക്കുന്ന സാഹചര്യവുമെല്ലാം പഠനത്തില്‍ പരിഗണിച്ചു. അതില്‍ നിന്നാണ് രണ്ട് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുന്നത് അസാധ്യമാണെന്ന് കണ്ടെത്തിയത്.

വിചാരണയ്‌ക്കെടുക്കുന്ന സമയം ചുരുക്കാനും ബലാത്സംഗത്തിനെതിരായ നിയമങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സിആര്‍പിസി ഭേദഗതി അപ്രായോഗികമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.