X

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ ആക്രമണം; 2 പേര്‍ ഐസിയുവില്‍; സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

കാസര്‍ഗോഡ് സീതാംഗോളിക്കടുത്ത് കുതിരപ്പാടിയില്‍ വച്ചാണ് അക്രമമുണ്ടായത്.

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ വീണ്ടും ആക്രമണം. ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് 2 പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

കാസര്‍ഗോഡ് സീതാംഗോളിക്കടുത്ത് കുതിരപ്പാടിയില്‍ വച്ചാണ് അക്രമമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കന്തലിലെ ഇസ്മയിലിന്റെ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗലാപുരത്തും പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ വനിതാമതില്‍ നടക്കുന്നതിനിടെ കല്ലേറുണ്ടായിരുന്നു. കൂടാതെ വയലില്‍ തീയിട്ടശേഷം നടത്തിയ അക്രമത്തില്‍ പരിപാടി തടസ്സപ്പെടുകയും ചെയ്തു. അക്രമികളെ പോലീസ് ലാത്തി വീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചും ഓടിച്ചു. കല്ലേറില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പോലീസുകാര്‍ക്കും പരുക്കുണ്ട്.

This post was last modified on January 2, 2019 6:29 am

Related Post
Leave a Comment