X

ഹാദിയ കേസ്: അന്വേഷണം എന്‍ഐഎയ്ക്ക്

കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് ഹാദിയയുടെ വാദവും കേള്‍ക്കുമെന്ന് സുപ്രിംകോടതി

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജി ആര്‍ വി രവീന്ദ്രനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.

അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഗൗരവകരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കേസിലെ സഹായകരമായ രേഖകള്‍ കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് ഹാദിയയുടെ വാദവും കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തേണ്ടതില്ല.

അതേസമയം എന്‍ഐഎ അന്വേഷണത്തെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സിബിഐ അല്ലെങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേരള പോലീസിന്റെ കൈവശമാണ് കേസുമായി ബന്ധപ്പെട്ട രേഖകളെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

This post was last modified on August 16, 2017 12:17 pm