X

രാജ്യാന്തര ചലച്ചിത്രോത്സവം ചെലവ് ചുരുക്കി നടത്തും: എ.കെ.ബാലന്‍

ഇത്തവണ മൂന്ന് കോടി രൂപയ്ക്ക് നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് ചലച്ചിത്ര അക്കാദമി തയാറാക്കിയിരിക്കുന്നത്.

ഐഎഫ്എഫ്‌കെ (രാജ്യാന്തര ചലച്ചിത്രോത്സവം) ചെലവു ചുരുക്കി നടത്താനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ബാലന്‍. മുന്‍ വര്‍ഷത്തേതില്‍ നിന്നും പകുതി ചെലവില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് ചലച്ചിത്ര അക്കാദമി തയാറാക്കിയിട്ടുണ്ടെന്ന് ബാലന്‍ പറഞ്ഞു. എന്നാല്‍ ഐഎഫ്എഫ്‌കെ നടത്തണമോയെന്നുള്ള അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തിയ ശേഷം മാത്രമയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്‌കെ നടത്താന്‍ ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടി രൂപയ്ക്ക് നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് ചലച്ചിത്ര അക്കാദമി തയാറാക്കിയിരിക്കുന്നത്. രണ്ടു കോടി ഡെലിഗേറ്റ് ഫീസിലൂടെയും ശേഷിക്കുന്ന ഒരു കോടി പദ്ധതി വിഹിതത്തില്‍ നിന്നും ഈ തുക കണ്ടെത്താമെന്നാണ് എസ്റ്റിമേറ്റില്‍ പറയുന്നത്.

ഇത് അംഗീകരിച്ചാല്‍ ഉള്ളടക്കത്തില്‍ വലിയ വ്യത്യാസം വരാതെ, ആര്‍ഭാടം ഇല്ലാതെയാണെങ്കിലും മേള നടത്താനാകും. ഡെലിഗേറ്റ് ഫീസു വര്‍ധിപ്പിച്ചും അമിത ചെലവും വിദേശ ജൂറിയെയും ഒഴിവാക്കിയും ചലച്ചിത്ര മേള നടത്തുന്നതിനുള്ള നിര്‍ദേശമാണ് ഫിലിം സൊസൈറ്റി ഭാരവാഹികളും നല്‍കിയിരിക്കുന്നത്.

കൂടാതെ ഈ വര്‍ഷം അവാര്‍ഡിനൊപ്പം പണം കൊടുക്കുന്നത് ഒഴിവാക്കി ചെലവ് ചുരുക്കാമെന്നും അവര്‍ നിര്‍ദേശിക്കുന്നുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രാഥമിക ജോലികള്‍ തുടങ്ങിയ സമയത്താണ് മേളകള്‍ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളിലേക്ക് ഇതേവരെ ചലച്ചിത്ര അക്കാദമി കടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

This post was last modified on September 22, 2018 11:22 pm