X

ഐഎസ്ആര്‍ഒ-യുടെ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനം ജിഎസ്എല്‍വി മാര്‍ക്ക് വിക്ഷേപിച്ചു

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് റോക്കറ്റിന്റെ ലക്ഷ്യം

ഐ എസ് ആര്‍ ഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനമായ ജി എസ് എല്‍ വി മാര്‍ക്ക് റോക്കറ്റ് 3 ഡി-1 വിക്ഷേപിച്ചു. ഇന്ന് വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം നടത്തിയത്. വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് റോക്കറ്റിന്റെ ലക്ഷ്യം. മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലാണ് വിക്ഷേപണം പൂര്‍ത്തിയാകാനാണ് ഐ എസ് ആര്‍ ഒ ശ്രമിച്ചത്.

ആദ്യഘട്ടം രണ്ടു മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലും രണ്ടാംഘട്ടം അഞ്ചു മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലും പൂര്‍ത്തിയാകാന്‍ സാധിച്ചു. ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പ്രധാനമായ മൂന്നമത്തേതും അവസാനത്തേതുമായ ഘട്ടം അഞ്ചു മിനിറ്റ് 22 സെക്കന്‍ഡ് മുതല്‍ 16 മിനിറ്റ് അഞ്ചു സെക്കന്‍ഡ് വരെ ദൈര്‍ഘ്യമേറിയതാണ്. ഈ ഘട്ടം കൂടി പൂര്‍ത്തിയാക്കിയാല്‍ അടുത്ത 15 സെക്കന്‍ഡിനുള്ളില്‍ ഉപഗ്രഹം വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെടും.

ഭ്രമണപഥത്തിലെത്തിക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-19ന്റെ ഭാരം 3,136 കിലോഗ്രാമാണ്. കെ എ /കെ യു ബാന്‍ഡ് വാര്‍ത്താവിനിമയ ട്രാന്‍സ്പോണ്ടറുകള്‍, ഉപഗ്രഹങ്ങള്‍ക്കുമേല്‍ ബഹിരാകാശ വികിരണങ്ങള്‍ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷന്‍ സ്പെക്ടോമീറ്റര്‍ എന്നിവയാണ് ഉപഗ്രഹം വഹിക്കുന്നത്.

ഐ എസ് ആര്‍ ഒ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ഇത്.  43.4 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുണ്ട് ജി എസ് എല്‍ വി മാര്‍ക്ക് റോക്കറ്റ് 3 ഡി-1 ന്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തില്‍ സുപ്രധാനണ്. ഇനിയുള്ള കാര്യങ്ങള്‍ കൂടി വിജയകരമായാല്‍ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകും.

ജി എസ് എല്‍ വി മാര്‍ക്ക് ഭാവിയില്‍ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടകമായും ഉപയോഗിക്കാനാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടക പദ്ധതിക്കുവേണ്ടി ഐ എസ് ആര്‍ ഒ കേന്ദ്രസര്‍ക്കാരില്‍നിന്ന് 12,500 കോടി രൂപ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനാണ് ഐ എസ് ആര്‍ ഒ-യുടെ ലക്ഷ്യം.

This post was last modified on June 5, 2017 6:10 pm