X

ഇന്ത്യക്കാരനുമായി സ്വന്തം റോക്കറ്റ് 2021 ൽ ബഹിരാകാശത്തേക്ക് തിരിക്കും: ഐഎസ്ആർഒ ചെയർമാൻ

വിക്രം ലാൻഡർ ഒഴികെ ചന്ദ്രയാൻ -2 ന്റെ ബാക്കിവരുന്ന ഭാഗങ്ങളെല്ലാം ആസൂത്രണം ചെയ്തപോലെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാവുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഈ വലിയ ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഈ ബഹിരാകാശ ദൗത്യമെന്നും ചെയര്‍മാൻ പ്രതികരിച്ചു. ഭുവനേശ്വർ ഐഐടിയുടെ എട്ടാമത്തെ ബിരുദദാനചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

“2021 ഡിസംബറോടെ ആദ്യത്തെ ഇന്ത്യക്കാരനെ നമ്മുടെ സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ഇതാണ് ഞങ്ങളുടെ ലക്ഷ്യം, ഐഎസ് ആർഒയിലെ എല്ലാവരും അതിനായി പ്രവർത്തിക്കുന്നു. ” എന്നായിരുന്നു അദ്ദേഹത്തിന്റ വാക്കുകൾ. അതേസമയം, വിക്രം ലാൻഡർ ഒഴികെ ചന്ദ്രയാൻ -2 ന്റെ ബാക്കിവരുന്ന ഭാഗങ്ങളെല്ലാംആസൂത്രണം ചെയ്തപോലെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

“2020 ഡിസംബറോടെ മനുഷ്യ ബഹിരാകാശ വിമാനത്തിന്റെ ആദ്യത്തെ ആളില്ലാ ദൗത്യം ഐഎസ്ആർഒ പൂർത്തീകരിക്കും. ആളില്ലാത്ത രണ്ടാമത്തെ ബഹിരാകാശ വിമാനം 2021 ജൂലൈയിൽ പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ”ബഹിരാകാശ മേധാവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് വ്യക്തമാക്കിയ ഗഗൻ യാൻ പദ്ധതി 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. മൂന്ന് അംഗ സംഘത്തെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്നതാണ് ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ഗഗൻ യാൻ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായിട്ടയിരിക്കും ആളില്ലാ ബഹിരാകാശ വിമാനത്തിന്റെ വിക്ഷേപണം.

അതിനിടെ, ഗഗൻയാൻ ദൗത്യത്തിനായി ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിനുള്ള അദ്യഘട്ട പരിപാടികൾ ഇതിനോടകം പൂർത്തിയാക്കിയതായി നേരത്തെ ഇന്ത്യൻ വ്യോമസേന വ്യക്തമാക്കിയിരുന്നു. പരിഗണിക്കപ്പെടുന്ന പൈലറ്റുമാരുടെ ശാരീരിക മാനസിക പരിശോധനകൾ, ടെസ്റ്റുകൾ, റേഡിയോളജിക്കൽ പരിശോധനകൾ, ക്ലിനിക്കൽ പരിശോധനകൾ എന്നിവ പുരോഗമിക്കുകയാണെന്നായിരുന്നു അറിയിപ്പ്.

 

 

This post was last modified on September 21, 2019 10:40 pm