X

കോതമംഗലത്ത് നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാല്‍ മോഷ്ടിച്ച വിദേശ പൗരനെ 2 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു

ഇറാന്‍ സ്വദേശി സിറാജുദീന്‍ ഹൈദരി(52) ആണ് അറസ്റ്റിലായത്.

കോതമംഗലത്ത് നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാല്‍ മോഷ്ടിച്ച വിദേശ പൗരനെ 2 വര്‍ഷത്തിന് ശേഷം കേരള പോലീസ് അറസ്റ്റ് ചെയ്തു. 2017 നവംബര്‍ 19  ലാവണ്യ ഷോപ്പിങ് സെന്ററില്‍ നിന്ന് 2.5 ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാല്‍ മോഷ്ടിച്ച കേസില്‍ ഇറാന്‍ സ്വദേശി സിറാജുദീന്‍ ഹൈദരി(52) ആണ് അറസ്റ്റിലായത്. സിറാജുദീനെ കൂടാതെ ഭാര്യ ഹോസ്‌ന, സിറാജുദീന്റെ സഹോദരപുത്രി ഭര്‍ത്താവ് ബഹ്മാന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിദേശ കറന്‍സി മാറണമെന്ന് പറഞ്ഞ് കടയില്‍ എത്തിയ സിറാജുദീന്‍ സോപ്പും മറ്റും വാങ്ങിയതിനുശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് മടങ്ങുപോയി. സിറാജുദീന്‍ കടയില്‍ നിന്നു പോയതിന്‌ശേഷമാണ് മേശയില്‍ ഇരുന്ന സൗദി റിയാല്‍ മോഷണം പോയതായി കടയുടമ അറിയുന്നത്. ഉടനെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ അങ്കമാലിയില്‍ സമാനരീതിയിലുള്ള മോഷണത്തിന് ശ്രമിക്കുമ്പോള്‍ സിറാജുദീനെ പോലീസ് കുടുക്കുകയായിരുന്നു. അങ്കമാലി പോലീസിന്റെ സഹകരണത്തോടെ കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജി സുനില്‍കുമാര്‍, എസ് ഐ ജി രജന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിറാജുദീനെ അറസ്റ്റ് ചെയ്തത്.