X

ചാരക്കേസ് ആന്റണി ഗ്രൂപ്പിനായി ബിഷപ്പുമാര്‍ കെട്ടിച്ചമച്ചത്: സിബി മാത്യൂസ്

ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചത് ഐബിയായിരുന്നു, താന്‍ അറസ്റ്റ് ഒഴിവാക്കുകയാണ് ചെയ്തത്‌

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസ് അന്വേഷിച്ച അന്നത്തെ ഡിജിപി സിബി മാത്യൂസ്. കരുണാകരന്റെ മക്കളെയും അനുയായികളെയും അധികാരത്തില്‍ നിന്നും നിഷ്‌കാസിതരാക്കാനും ആന്റണി വിഭാഗത്തിന് രാഷ്ട്രീയ അധികാരം നേടാനും കെട്ടിച്ചമച്ചതാണ് ഈ കേസെന്നാണ് അദ്ദേഹം തന്റെ ആത്മകഥയായ നിര്‍ഭയത്തില്‍ പറയുന്നത്. കൂടാതെ കേസില്‍ അന്ന് ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് തടഞ്ഞത് തന്റെ ഇടപെടലുകളാണെന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പുസ്തകത്തില്‍ നിന്നും സമകാലിക മലയാളം മാസിക പ്രസിദ്ധീകരിച്ച അധ്യായത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചത് ഐബിയായിരുന്നുവെന്നും എന്തുകൊണ്ടാണ് ഐബി കടുംപിടുത്തം പിടിച്ചതെന്ന് അറിയില്ലെന്നുമാണ് ആത്മകഥയില്‍ പറയുന്നത്. ശ്രീവാസ്തവ കുടുംബം ദേശീയ തലത്തില്‍ തന്നെ ഉന്നത സ്ഥാനങ്ങളിലുള്ളവരായതിനാലാകുമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്. മദ്രാസിലെ ഹോട്ടലില്‍ വച്ചുള്ള തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഫൗസിയ ഹസന്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന പേര് പറഞ്ഞിരുന്നുവെന്നും അതോടെ മറ്റ് തെളിവുകളൊന്നുമില്ലാതെ രമണ്‍ ശ്രീവാസ്തവയെ കുറ്റക്കാരനാക്കാന്‍ ഐബി തിടുക്കം കൂട്ടുകയായിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

ചാരക്കേസിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നതോടെ കോണ്‍ഗ്രസിലെ ആന്റണി ഗ്രൂപ്പിലെ നേതാക്കളായ സുധീരന്‍, ഉമ്മന്‍ചാണ്ടി, ചെറിയാന്‍ ഫിലിപ്പ്, കെഎം മാണി, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ട് നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടിരുന്നെന്നും അതോടെയാണ് കെ കരുണാകരന് അധികാരം നഷ്ടമായതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ എ ഗ്രൂപ്പിന് രാഷ്ട്രീയ അധികാരം നേടാന്‍ ബിഷപ്പുമാരുടെ ഗൂഢാലോചനയില്‍ ആവിര്‍ഭവിച്ചതാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്ന് സമൂഹത്തില്‍ ഇന്നും കുറെപ്പേരെങ്കിലും വിശ്വസിക്കുന്നുണ്ടാകും. ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് അത് തെളിയിക്കേണ്ടാത്ത രാജ്യമാണല്ലോ ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മാലി സ്വദേശിനി മറിയം റഷീദ മുഖേന ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു കേസ്. കേസില്‍ 1994ല്‍ നമ്പിനാരായണനെ സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ ചാരക്കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. കേസന്വേഷിച്ച സിബി മാത്യൂസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അന്ന് സിബിഐ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

This post was last modified on June 2, 2017 12:27 pm