X

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് കാലത്ത് വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല; 7000 പേര്‍ക്ക് നബാര്‍ഡ് നല്‍കുന്ന സബ്‌സിഡി നഷ്ടമായി

കേരള ഗ്രാമീണ്‍ബാങ്കിലെ ജീവനക്കാര്‍ ഡിസംബര്‍ 17 മുതല്‍ 26 വരെ നടത്തിയ പണിമുടക്ക് ദിവസങ്ങളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നവര്‍ക്ക് നബാര്‍ഡ് നല്‍കുന്ന മൂന്നുശതമാനം പലിശ സബ്‌സിഡിയാണ് നഷ്ടമായത്.

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് കാലത്ത് കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത 7000 പേര്‍ക്ക് നബാര്‍ഡ് നല്‍കുന്ന സബ്‌സിഡി നഷ്ടമായിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്. കേരള ഗ്രാമീണ്‍ബാങ്കിലെ ജീവനക്കാര്‍ ഡിസംബര്‍ 17 മുതല്‍ 26 വരെ നടത്തിയ പണിമുടക്ക് ദിവസങ്ങളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നവര്‍ക്ക് നബാര്‍ഡ് നല്‍കുന്ന മൂന്നുശതമാനം പലിശ സബ്‌സിഡിയാണ് നഷ്ടമായത്.

ഒരുലക്ഷത്തിന് ഏഴുശതമാനമാണ് പലിശ. വായ്പ യഥാസമയം തിരിച്ചടച്ചാല്‍ മൂന്നുശതമാനം പലിശ സബ്‌സിഡിയായി നബാര്‍ഡ് തിരിച്ചുനല്‍കും. പണിമുടക്ക് കാലത്ത് മൊത്തം 41.70 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ തിരിച്ചടയ്ക്കാനാവാതിരുന്നത്. ഇത്രയും തുകയുടെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടുപോയത്.

സമയം തെറ്റി വായ്പ തിരിച്ചടച്ചെങ്കിലും നബാര്‍ഡ് പലിശ സബ്‌സിഡി നല്‍കാന്‍ തയ്യാറല്ല. പണിമുടക്ക് കഴിഞ്ഞ് നാലുദിവസംവരെ സബ്‌സിഡിയോടെ വായ്പ തിരിച്ചടയ്ക്കാന്‍ അനുമതി നല്‍കിയെന്നാണ്ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ അത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്.

കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവര്‍ക്ക് സബ്‌സിഡി ഇന്‍സന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായി. പ്രളയം, ഉരുള്‍ പൊട്ടല്‍ ബാധിച്ച വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കര്‍ഷകര്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.