X

ശ്രീനാഥിന്റെ മരണത്തിലും ദുരൂഹത: മൃതദേഹത്തില്‍ മുറിവുകളും ചതവുകളുമുണ്ടായിരുന്നെന്ന് ഭാര്യ

മലയാള സിനിമയിലെ ക്രിമിനല്‍ ബന്ധങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ശ്രീനാഥിന്റെ മരണവും അന്വേഷണ വിധേയമാക്കണമെന്നാണ് ലതയുടെ ആവശ്യം

നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ ലത രംഗത്ത്. ശ്രീനാഥിന്റെ മൃതദേഹത്തില്‍ കണ്ട മുറിവുകളും ചതവുകളും ചൂണ്ടിക്കാട്ടിയാണ് ലത ആരോപണം ഉന്നയിക്കുന്നത്. ശ്രീനാഥിന്റെ ഫോണും പേഴ്‌സും കാണാതായതും സംശയകരമാണ്.

മലയാള സിനിമയിലെ ക്രിമിനല്‍ ബന്ധങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ശ്രീനാഥിന്റെ മരണവും അന്വേഷണ വിധേയമാക്കണമെന്നാണ് ലതയുടെ ആവശ്യം. അതേസമയം പ്രത്യേകമായി താന്‍ ആരെയും സംശയിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബഹ്രയ്ക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ശ്രീനാഥിന്റെ ശരീരത്തില്‍ പതിനൊന്ന് ഇടങ്ങളില്‍ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

2010 ഏപ്രില്‍ 23ന് ആണ് ശ്രീനാഥിനെ കോതമംഗലത്തുള്ള ഹോട്ടല്‍ മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൈ ഞെരമ്പുകള്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്ന് അന്ന് കേസ് എഴുതിത്തള്ളുകയും ചെയ്തു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന മുറിവുകളും ചതവുകളും പോലീസ് അവഗണിക്കുകയായിരുന്നു. ചതവുകളെല്ലാം കൈകളിലും കാലുകളിലും പിന്‍ഭാഗത്തുമാണ്. ഇതിന്റെ ദുരൂഹതയാണ് ശ്രീനാഥിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നത്.

അന്നുതന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെയും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും സമീപിച്ചതാണ്. എന്നാല്‍ പരാതി പരിഗണിച്ചില്ലെന്നും ലത ആരോപിക്കുന്നു. ശ്രീനാഥിന്റെ മരണത്തോടെ അനാഥമായ ലതയ്ക്കും ചെറിയ മകനും കേസിന് പിന്നാലെ പോകാനും സാധിച്ചില്ല.

ആറുമാസം മുമ്പ് വിവരാവകാശ നിയമപ്രകാരം കേസിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ കേസ്ഫയല്‍ കണ്ടുകിട്ടിയില്ലെന്ന മറുപടിയാണ് കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ചത്. തിരുവനന്തപുരത്തെ ചെറിയ വാടക വീട്ടിലാണ് ലതയും മകനും താമസിക്കുന്നത്. സീരിയലുകളില്‍ സജീവമാകുകയും ഒപ്പം ചെറിയ വേഷങ്ങളുമായി സിനിമയില്‍ തുടരുകയും ചെയ്യുമ്പോഴായിരുന്നു ശ്രീനാഥിന്റെ മരണം.

This post was last modified on July 15, 2017 11:48 am