X

പേരാമ്പ്ര ജുമാമസ്ജിദ് കല്ലേറ്: സിപിഎമ്മുകാരെ എഫ്‌ഐആര്‍ തിരുത്തി രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടു നില്‍ക്കുന്നെന്ന് ചെന്നിത്തല

അക്രമികളെ രക്ഷിക്കുകയും അതിനെതിരെ പ്രതിഷേധിച്ചവരെ തുറിങ്കിലടയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമാധാന ജീവിതത്തിന് ആപത്തായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതും നിയമവാഴ്ചയെ തകര്‍ക്കുന്നതാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

പേരാമ്പ്ര ജുമാമസ്ജിദിന് നേരെയുണ്ടായ സിപിഎമ്മുകാരെ എഫ്‌ഐആര്‍ തിരുത്തി രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടു നില്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും അക്രമം നടത്തിയ സിപിഎമ്മുകാരെ എഫ്‌ഐആര്‍ തിരുത്തി രക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നാട്ടില്‍ കലാപത്തിന് കൂട്ടുനില്‍ക്കുകയാണെന്നാണ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പേരാമ്പ്ര മസ്ജിദ്ദിന് നേരെ കല്ലെറിഞ്ഞത് നാട്ടില്‍ മതസ്പര്‍ദ്ധ സൃഷ്ടിച്ച് കലാപം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശമാണെന്നായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. അതിന്റെ പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മറ്റ് എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്. എന്നാല്‍ പോലീസ് നിക്ഷപക്ഷമായ നടപടി സ്വീകരിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇപി ജയരാജനും രംഗത്തെത്തിയത്തോടെയാണ് എഫ്‌ഐആറില്‍ മാറ്റം വരുത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എഫ്‌ഐആറില്‍ മാറ്റം വരുത്തുന്നത് നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ്. നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ നടത്തിയ ശ്രമത്തിനാണ് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അക്രമികളെ രക്ഷിക്കുകയും അതിനെതിരെ പ്രതിഷേധിച്ചവരെ തുറിങ്കിലടയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമാധാന ജീവിതത്തിന് ആപത്തായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതും നിയമവാഴ്ചയെ തകര്‍ക്കുന്നതാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പേരാമ്പ്ര ജുമാമസ്ജിദ് സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

This post was last modified on January 20, 2019 10:14 pm