X

ഇന്ന് ലണ്ടന്‍ ഓഹരിവിപണി തുറക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍

ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്

ലണ്ടന്‍ ഓഹരിവിപണി ഇന്ന് വ്യാപാരത്തിനായി തുറക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി ഇ ഒ കെ എം എബ്രഹാമിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ മറ്റ് പരിപാടികളുടെ തുടര്‍ച്ചയാണ് ഈ അവസരമെന്നാണ് കിഫ്ബി അധികൃതര്‍ പറയുന്നത്.

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചിരിക്കുന്ന കിഫ്ബിക്ക് ഈ ഓഹരിവ്യാപാരം നേട്ടമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ലണ്ടനിലെ മോണ്‍ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകള്‍. യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പ്രവാസിച്ചിട്ടിയില്‍ ചേരാനുള്ള അവസരമാണ് ഇതോടെ ലഭിക്കുക.

പൂര്‍ണമായും ഓണ്‍ലൈനിലൂടെ പണമടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്ഥിതി അറിയാനും കഴിയുന്ന സംവിധാനമാണ് കെ എസ് എഫ് ഇ ഒരിക്കിയിരിക്കുന്നത്.

Read: പ്രധാനമന്ത്രിയുടെ ഇന്നൊവേറ്റീവ് പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘റോഷ്നി’, അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ വിജയത്തിന് ബിനാനിപുരം സ്കൂള്‍ കൊണ്ടുവന്ന മാതൃകയാണ്

This post was last modified on May 17, 2019 7:43 am