X

സാമ്പത്തിക പ്രതിസന്ധി രൂക്ഷം? അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കും

ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ആര്‍ബിഐയില്‍ നിന്ന് ലഭിക്കും.

അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് പണം നല്‍കും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്നാണ് സൂചന. 1.76 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കുക. ബിമല്‍ ജെലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ആര്‍ബിഐ നടപടി. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ആര്‍ബിഐയില്‍ നിന്ന് ലഭിക്കും.

ഘട്ടം ഘട്ടമായി തുക കൈമാറാനാണ് ആര്‍ബിഐയുടെ തീരുമാനം. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. കരുതല്‍ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായിട്ടായിരുന്നു ആര്‍ബിഐ യോഗം ചേര്‍ന്ന് സാമ്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന്‍ കമ്മിറ്റിയെ നിയോഗിച്ചത്.

നേരത്തെ കരുതല്‍ ധനശേഖരം കേന്ദ്രത്തിന് നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാരിയുടെയും തീരുമാനങ്ങള്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഇരുവരുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയതും കരുതല്‍ ധനം കൈമാറില്ലെന്ന നയത്തെ തുടര്‍ന്നാണ്.

Read: “കാശ്മീര്‍ നടപടി ചരിത്രപരമായ മണ്ടത്തരം”; നിര്‍ണായകമായ തീരുമാനങ്ങളിലേക്ക് കടക്കുന്നുവെന്ന് മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി

 

This post was last modified on August 26, 2019 9:30 pm