X

ശബരിമല: കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം

കൂടുതല്‍ അന്വേഷണത്തിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു

ശബരിമലയിലെ പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറ കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്ന് പേരെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് തീരുമാനം.

ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിഎന്നയാളും അദ്ദേഹത്തിനൊപ്പമുള്ളവരും നല്‍കിയിരിക്കുന്നത്. ഇവരെകുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദ്ദശപ്രകാരം ഫോറന്‍സിക് വിദഗ്ധരെത്തി സംഭവ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ച പൂജയ്ക്ക് ശേഷം 1.27-നാണ് സംഭവം നടന്നത്. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഏതോ ദ്രാവകം ഒഴിച്ചതായി മനസിലായത്. മൂവര്‍ സംഘം പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ഇവരെ പമ്പയില്‍ നിന്ന് സന്ധ്യയോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.