ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാംമ്പിന് നേരെയുണ്ടായ ചാവേറാക്രമണ ശ്രമം സൈന്യം തകര്‍ത്തു. ആക്രമണത്തിന് ശ്രമിച്ച 4 ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ച 4.10-ഓടെ ബന്ദിപ്പോരയിലെ സിആര്‍പിഎഫിന്റെ 45-ാം ബറ്റാലിയനുനേരെയാണ് ആക്രമണമുണ്ടായത്. ചാവേറുകളുടെ പക്കലുണ്ടായിരുന്ന നാല് എകെ 47 റൈഫിളുകള്‍, ഒരു ഗ്രനേഡ് ലോഞ്ചര്‍ (യുബിജിഎല്‍), വെടിക്കോപ്പുകള്‍ തുടങ്ങിയവ ഇവിടെനിന്നു കണ്ടെടുത്തു.
ആക്രണത്തെ തുടര്‍ന്ന് സ്ഥലം ഒഴിപ്പിക്കുകയും പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തില്‍ പോലീസും സൈന്യവും തിരച്ചില്‍ നടത്തുകയുമാണ്. ക്യാംമ്പിനുള്ളില് പ്രവേശിച്ച് ചാവേറാക്രമണം നടത്തുന്നതിനാണ് പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ഭീകരര്‍ ക്യാമ്പിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സൈന്യം വധിക്കുമായിരുന്നുവെന്നുമാണ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി വെടിവയ്പ്പും ഭീകരാക്രമണവും നടക്കുന്ന സ്ഥലമാണ് ബന്ദിപ്പോര. കഴിഞ്ഞ വര്‍ഷം ബന്ദിപ്പോരയിലുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ ചേതന്‍ കുമാര്‍ ചീറ്റയാണ് സിആര്‍പിഎഫിന്റെ സുമ്പാല് ക്യാംപ് 45-ാം ബറ്റാലിയന് തലവന്‍.