X

മക്കയില്‍ ചാവേറാക്രമണശ്രമം തകര്‍ത്തു

സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് ഭീകരരെ പിടികൂടിയിട്ടുണ്ട്

സൗദി അറേബ്യയിലെ മക്കയില്‍ ചാവേറാക്രമണശ്രമം തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്ന ആക്രമണം സുരക്ഷാസേനയുടെ ഇടപെടലാണ് ഒഴിവാക്കിയത്. മക്കയില്‍ തീവ്രവാദികളുടെ രണ്ടു സംഘങ്ങളെയും ജിദ്ദയില്‍ മറ്റൊരു സംഘത്തെയും പിടികൂടിയിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് ഭീകരരെ പിടികൂടിയിട്ടുണ്ട്. അല്‍ അസ്സില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണ് മക്കയിലെ ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായത്.

തുടര്‍ന്നുള്ള പരിശോധനയില്‍ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരന്‍ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു. കീഴടങ്ങാനുള്ള നിര്‍ദേശം തള്ളി ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവില്‍ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. അഞ്ചു സുരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം.

റംസാന്‍ ആയതിനാല്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മക്കയിലുള്ളത്. സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കം ഭരണ രംഗത്തെ പ്രമുഖരെല്ലാം മക്കയിലെത്തിയിട്ടുണ്ട്.

This post was last modified on June 24, 2017 7:39 am