X

ഫേസ്ബുക്കിനെ മറികടക്കാൻ ടിക് ടോക്ക്; ജനുവരി മുതല്‍ മാര്‍ച്ച് വരെ 1.88 കോടി ഡൗൺലോഡ്സ്

പുതിയ മാര്‍ക്കറ്റ് പഠനത്തെക്കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചില്ല. എന്നാല്‍ ടിക് ടോക്കിന്റെ വളര്‍ച്ച തല്‍ക്കാലത്തേക്കെങ്കിലും ഫേസ്ബുക്കിന് ഭീഷണിയല്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ജനപ്രിയ സോഷ്യല്‍ നെറ്റുവര്‍ക്കായ ഫേസ്ബുക്കിന്റെ മികച്ച എതിരാളിയായി ടിക് ടോക്ക് വളര്‍ന്നു വരുകയായിരുന്നു. 2019ന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് മാര്‍ക്കറ്റ് ഇന്റിലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

ചൈനീസ് സറ്റാര്‍ട്ടപ്പ് കമ്പനിയായ ബൈറ്റ് ഡാന്‍സ് അവതരിപ്പിച്ച ടിക് ടോക്ക് കുഞ്ഞു വീഡിയോകളിലൂടെ വളരെ പെട്ടെന്ന് യുവാക്കള്‍ക്ക് ഹരമായി മാറി. 2019 ജനുവരി മുതല്‍ മാര്‍ച്ചുവരെ ലോകത്ത് 1.88കോടി പേര്‍ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇതില്‍ 47 ശതമാനവും ഇന്ത്യക്കാരാണ്.

ഇന്ത്യയില്‍ 30കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുണ്ടെന്ന് സ്റ്റാറ്റിസ് ഏജന്‍സി പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ടിക് ടോക്കിന് 20കോടി ഉപഭോക്താക്കളെ ഉള്ളു എങ്കിലും അതില്‍ 12 കോടി സജീവ ഉപഭോക്താക്കളാണ്. 2016ല്‍ പുറത്തിറങ്ങി അടുത്ത കാലത്തുമാത്രം ഇന്ത്യയില്‍ സാന്നിധ്യമുറപ്പിച്ച ടിക് ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത്.

പുതിയ മാര്‍ക്കറ്റ് പഠനത്തെക്കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചില്ല. എന്നാല്‍ ടിക് ടോക്കിന്റെ വളര്‍ച്ച തല്‍ക്കാലത്തേക്കെങ്കിലും ഫേസ്ബുക്കിന് ഭീഷണിയല്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പരസ്യദാതാക്കള്‍ ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത് ഫേസ്ബുക്കിനെയാണെന്നാണ് അവര്‍ ഇതിന് കാരണമായി പറയുന്നത്.

ഉള്ളടക്കത്തില്‍ ലൈംഗികതയുടെ അംശം കൂടുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞമാസം ആന്‍ഡ്രോയ്ഡ് ,ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍നിന്നും ടിക് ടോക്ക് എടുത്ത് കളയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. കര്‍ശന നിബന്ധനകളോടെയാണ് ടിക് ടോക്ക് വീണ്ടും ലഭ്യമാക്കിയത്.

Read More- സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

This post was last modified on May 16, 2019 3:00 pm