X

കൂടുതല്‍ വെളിപ്പെടുത്തലുകള്‍, ശ്രീറാം വെങ്കിട്ടരാമന് കുരുക്ക് മുറുകുന്നു; വഫ ഫിറോസിന്റെ രഹസ്യ മൊഴിയെടുത്തു

ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്

ദേവികുളം മുന്‍ സബ് കളക്ടറും ഇപ്പോള്‍ സര്‍വെ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ദൃക്‌സാക്ഷികളുടെ മൊഴികളെല്ലാം.

‘ഞാന്‍ സിനിമ കഴിഞ്ഞ് വരുമ്പോള്‍ വെള്ളയമ്പലം ഭാഗത്ത് നിന്ന് എല്‍എംസ് ഭാഗത്തേക്ക് വന്ന ഒരു കാറ് അതിവേഗതയില്‍ പബ്ലിക്ക് ഓഫീസ് കോപ്ലംക്‌സിന്റെ പ്രധാന ഗേറ്റിനോട് ചേര്‍ന്നുള്ള മതിലില്‍ ഇടിച്ചു നില്‍ക്കുന്നത് കണ്ടു. വണ്‍വെയുടെ അപ്പുറത്തെ സൈഡില്‍ നിന്ന് കറങ്ങി ഇപ്പുറത്ത് വന്ന് നോക്കിയപ്പോള്‍ ഇടയ്ക്ക് ഒരു ബൈക്കും ഒരാളുമുണ്ട്. കാറില്‍ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിവന്ന പുരുഷന്‍ ബൈക്കില്‍ നിന്നു വീണയാളെ എടുത്ത് കാറിന്റെ അടുത്ത് കൊണ്ടുപോയി ഡോര്‍ തുറന്ന് കയറ്റാന്‍ പറ്റാതെ അവിടെ തന്നെ കിടത്തുകയായിരുന്നു. കാറോടിച്ചയാള്‍ മദ്യപിച്ചിരുന്നതുപോലെയാണ് തോന്നിയത്. അപകടം നടന്ന് രണ്ടു മിനിട്ടിനകത്ത് തന്നെ പോലീസ് എത്തിയിരുന്നു. പോലീസ് വന്നപ്പോഴേക്കും ഞങ്ങളെല്ലാം ഇവിടെ നില്‍ക്കുവാണ്. അപകടം കണ്ടത് ഞാനും വേറെ രണ്ടുമൂന്ന് പേരുമാണ്. കാറില്‍ നിന്ന് ഇറങ്ങിയത് ആരാണെന്ന് മനസിലായിരുന്നില്ല.’ ദൃക്‌സാക്ഷികളില്‍ ഒരാളായ ആര്‍ക്കിടെക്റ്റര്‍ ജോബി അഴിമുഖത്തോട് പറഞ്ഞു.

ദൃക്‌സാക്ഷിയുണ്ടോ എന്ന് പോലീസ് ചോദിച്ചപ്പോ ഞാനും വേറെ ഒരാളും നമ്പര്‍ ഒക്കെ നല്‍കിയതിന് ശേഷമാണ് അവിടെ നിന്നും പോയതെന്ന് ജോബി പറഞ്ഞു. പിന്നെ രാവിലെയാണ് സംഭവം ഇത്രയും സെന്‍സേഷണല്‍ ആണെന്ന് അറിയുന്നതെന്നും ജോബി കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് സിറാജിന്റെ പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കെ എം ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചിട്ടത്. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ആണെന്നും അദ്ദേഹം അമിതമായി മദ്യപിച്ചിരുന്നുവന്നും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും കൂടുതല്‍ അന്വേഷണത്തിനും ശേഷമായിരിക്കും കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്നും പോലീസ് പറഞ്ഞു. കാറില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് എന്ന് പിന്നീട് വ്യക്തമായി. ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

അപകടം നടന്നതിന് ശേഷം കെ എം ബഷീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രീറാം തന്നെയാണ് ആദ്യം ശ്രമിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു ദൃക്‌സാക്ഷി പറഞ്ഞു. ‘ശ്രീറാമാണ് കാറിലുണ്ടായിരുന്നതെന്ന് രാവിലെ ന്യൂസ് ഒക്കെ കണ്ടിട്ടാണ് അറിഞ്ഞത്. മ്യൂസിയം ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന കാറ് ബൈക്കിനെ ഇടിക്കുകയായിരുന്നു. പബ്ലിക്ക് ഓഫീസ് കോംപ്ലക്‌സിന്റെ പ്രധാന ഗേറ്റിന് മുമ്പില്‍ നിന്ന് ബൈക്കിനെ ഇടിച്ച് മതിലില്‍ കൊണ്ടുപോയി ചേര്‍ക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരന്‍ മതിലില്‍ ഇടിച്ച് ഉരഞ്ഞ് മതിലിനും മരത്തിനും ഇടയിലെ ഇടുങ്ങിയ ഗ്യാപ്പിലൂടെ തെറിച്ചു വീഴുകയായിരുന്നു. മതിലില്‍ ചൊരപ്പാടുകളും ഒക്കെ കാണാം. വണ്ടി ഇടിച്ച് മുപ്പത് മീറ്ററോളം ദൂരം കൊണ്ടുപോയിട്ടുണ്ട്.

വണ്ടിയിടിച്ചതിന് ശേഷം കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു മറിഞ്ഞു കിടക്കുന്ന ബൈക്കിനടുത്ത് കിടക്കുന്ന ആളെ വാരി എടുത്ത് കാറില്‍ കയറ്റാന്‍ നോക്കുന്നതാണ് കണ്ടത്. പക്ഷെ അത് സാധിച്ചില്ല. കാറ് ഓടിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ലായിരുന്നു അയാള്‍. കാറില്‍ നിന്ന് ഇറങ്ങിയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. അയാളുടെ ഭാവങ്ങള്‍ ഒക്കെ ആ തരത്തിലായിരുന്നു.’

Read: തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സൗമ്യമുഖം; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു മരിച്ച കെ.എം ബഷീര്‍

അപകടം നടന്നയുടന്‍ സംഭവത്ത് സ്ഥലത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ഡി ധനസുമോദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് സംഭവത്തെ സോഷ്യ മീഡിയയില്‍ എത്തിച്ചത്. ‘രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നില്‍ ആള്‍ക്കൂട്ടവും പോലീസ് വാനും നിര്‍ത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിള്‍ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു ബൈക്കില്‍ ഇടിച്ചു നില്‍ക്കുന്നു. ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പോലീസ് ആംബുലന്‍സിനു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ഗുരുതരമായതിനാല്‍ ജീപ്പില്‍ കൊണ്ട് പോകാനാവില്ലെന്നു പോലീസ് പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണില്‍ സംസാരിക്കുന്നു.ആംബുലന്‍സ് ഇതിനിടയില്‍ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസിലാകും.

കാറില്‍ വന്ന പെണ്‍കുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടില്‍ ആരുണ്ട്? കൂടെയുള്ള ആള്‍ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്‌ക്കോളാന്‍ പോലീസ് പറഞ്ഞു. ആടി നില്‍ക്കുന്ന ആളുടെ അഡ്രെസ്സ് പോലീസ് ചോദിച്ചു.സിവില്‍ സര്‍വീസ് കോളനി, കവടിയാര്‍ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പോലീസ് ചോദിച്ചില്ല.മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാര്‍ എടുത്ത് മാറ്റുന്നതിനായി ക്യാരി വാന്‍ എത്തി. ബൈക്ക് പോലീസ് പരിശോധിക്കുന്നതിനിടയില്‍ ശളളസ യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പോലീസിനോട് ചോദിച്ചെങ്കിലും അവര്‍ തരാന്‍ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടന്‍ ഫോണ്‍ ബാറ്ററി തീര്‍ന്നു ഓഫ് ആയി.

വളവില്‍ തിരിയാതെ മുന്നില്‍ പോയ ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേര്‍ പോലീസിനോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞു.അവരുടെ ഫോണ്‍ നമ്പറും പോലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ബൈക്കിന്റെ നമ്പര്‍ നല്‍കിയപ്പോഴാണ് മുഹമ്മദ് ബഷീര്‍ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോണ്‍ടാക്ട് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഫോണ്‍ നമ്പര്‍ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോള്‍ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍മാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീര്‍ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരന്‍ അടുത്ത ചങ്ങാതി കൂടിയായ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ആണ്. അവനെ വിളിച്ചപ്പോള്‍ അപകട വിവരം അറിഞ്ഞു മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേല്‍വിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവര്‍ താമസിക്കുന്ന പ്രദേശമാണിത്. മുന്തിയ ഇനം ആളുകളുടെ പോസ്റ്റല്‍ അഡ്രസ്സ് ആണ് കവടിയാര്‍ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയില്‍ തന്നെ പോലീസ് നടത്തികാണുമായിരിക്കും.’

സംഭവം നടന്നു 10 മണിക്കൂറിന് ശേഷം ഏറെ പ്രതിഷേധങ്ങള്‍ക്കും മാധ്യമ വാര്‍ത്തകള്‍ക്കും ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്ത സാമ്പിള്‍ പോലീസ് ശേഖരിച്ചത്. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം ശ്രീറാമിന് കിംസ് ആശുപത്രിയില്‍ പോകാന്‍ പോലീസ് അനുവദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വഫ ഫിറോസിനെ ആദ്യം വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് പിന്നീട് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ചുമത്താനാണ് നീക്കം. ജീവപര്യന്ത്യം മുതൽ പത്ത് വർഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണിത്. കൂടെ ഉണ്ടായിരുന്ന യാത്രക്കാരി വഫ ഫിറോസിന്റെ രഹസ്യ മൊഴി എടുത്തതോടെ ശ്രീറാം വെങ്കിട്ടരാമന് കൂടുതല്‍ കുരുക്ക് മുറുകി. കാറോടിച്ചത് ശ്രീറാം ആണെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Read:  സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്ക് ഒറ്റ രാത്രികൊണ്ട് ഓടിച്ചു കയറിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്

This post was last modified on August 4, 2019 5:22 am