X

പോലീസുകാരന്‍ പര്‍ദയിട്ട് പ്രസവവാര്‍ഡില്‍; പിടിക്കപ്പെട്ടപ്പോള്‍ അന്വേഷണത്തിന് എത്തിയതാണെന്ന് പറഞ്ഞു തടിയൂരി

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനു സസ്പെന്‍ഷന്‍

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ചു കയറിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനാണ് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ അന്വേഷണവിധേയമായി സസ്പെന്‍ഷന്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് നൂര്‍ സമീര്‍ ഒളിവിലാണ്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലായിരന്നു സംഭവം നടന്നത്. പ്രസവവാര്‍ഡില്‍ പര്‍ദ ധരിച്ച് എത്തിയ സമീറിനെ രോഗികളുടെ കൂട്ടിരുപ്പുകാര്‍ തിരിച്ചറിയുകയും ബഹളം വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞുനിര്‍ത്തി പര്‍ദ മാറ്റിയപ്പോള്‍ താന്‍ പോലീസാണെന്നും അന്വേഷണത്തിനെത്തിയതാണെന്നും പറഞ്ഞശേഷം രക്ഷപ്പെട്ടു.

ആശുപത്രിയുടെ പുറത്ത് സ്റ്റാര്‍ട്ടുചെയ്തിട്ടിരുന്ന പിക്ക് അപ്പ് ഓട്ടോറിക്ഷയില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഓട്ടോയില്‍ മറ്റൊരാളും ഉണ്ടായിരുന്നുവെന്ന് ദൃക്ഷസാക്ഷികള്‍ പറയുന്നു. തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ജീവനക്കാരില്‍നിന്നും വാര്‍ഡിലുള്ളവരില്‍ നിന്നും മൊഴിയെടുത്തു. തുടര്‍ന്ന് സമീറിനെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു.

മുന്‍കാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കും സാധ്യതയുണ്ട്. 2017 ജനുവരിയില്‍ കഞ്ചാവ് കേസിലെ പ്രതിയെ ഭീഷണിപ്പെടുത്തി 96,000 രൂപ തട്ടിയെടുത്ത കേസില്‍ സസ്പെന്‍ഷനിലായ സമീര്‍ ഏതാനും മാസം മുമ്പാണ് സര്‍വീസില്‍ തിരികെ എത്തിയത്. തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസിനാണ് ആള്‍മാറാട്ട കേസിന്റെ അന്വേഷണച്ചുമതല.

This post was last modified on September 30, 2018 11:46 am