X

‘ലോഗ് ഔട്ട്’ ചെയ്യുന്ന ഡിജിറ്റല്‍ ഗ്രാമങ്ങള്‍; ‘ക്യാഷ് ലെസ് ഇന്ത്യ’ക്ക് മലപ്പുറത്തെ നെടുങ്കയം മോഡല്‍

“ബാങ്കില്‍ പൈസയുണ്ടേലല്ലേ മൊബൈല്‍ ഉപയോഗിച്ച് സാധനം വാങ്ങാന്‍ പറ്റൂ?”; ഡിജിറ്റല്‍ ഇന്ത്യ എന്ന സുന്ദര സുരഭില സ്വപ്നത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഇതിലും ഇരുണ്ടതാണ്

“കറൻസി നിരോധനം ദേശീയ ദുരന്തമായിരുന്നുവെന്ന്, നിരോധനത്തിെൻറ ഒന്നാം വാർഷികത്തിൽ സന്നദ്ധസംഘടനയായ ആക്ട് നൗ ഫോർ ഹാർമണി ആൻഡ് ഡെമോക്രസി (അൻഹദ്) രാജ്യവ്യാപകമായി നടത്തിയ സർവേ റിേപ്പാർട്ട്. കറൻസി നിരോധനം കള്ളപ്പണം തുടച്ചുമാറ്റിയെന്ന് 55 ശതമാനവും വിശ്വസിക്കുന്നില്ലെന്നും 26.6 ശതമാനത്തിനു ശതമാനത്തിനു മാത്രമാണ് ഇൗ വിശ്വാസമുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. കറൻസി നിരോധനം കോർപറേറ്റുകൾക്കാണ് ഗുണമുണ്ടാക്കിയതെന്ന് 36 ശതമാനവും സർക്കാറിനാണ് മെച്ചമുണ്ടാക്കിയതെന്ന് 26 ശതമാനവും വിശ്വസിക്കുേമ്പാൾ കേവലം 20 ശതമാനമാണ് ഗുണം പൊതുജനത്തിനാണെന്ന് കരുതുന്നത്. പ്രൊഫഷണലുകളിൽ 60 ശതമാനവും കോർപറേറ്റ് മേഖലക്കാണ് ഗുണമെന്ന് കരുതുന്നവരാണ്”- അന്‍ഹദിന്റെ സര്‍വെ ഫലം മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളപ്പണം തിരിച്ചു പിടിക്കാന്‍ എന്ന പ്രചരണത്തോടെ തുടങ്ങിയ കറന്‍സി നിരോധനം പിന്നീട് ഡിജിറ്റല്‍ ഇന്ത്യ-ക്യാഷ് ലെസ്സ് എക്കോണമി എന്ന പ്രചരണത്തിലേക്ക് മാറുകയായിരുന്നു. നോട്ട് നിരോധനത്തിന്റെ ഏറ്റവും അടിത്തട്ടിലെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ നിരവധി ഡിജിറ്റല്‍ ഗ്രാമങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ആഘോഷപൂര്‍വ്വം ഉദ്ഘാടന മഹാമഹങ്ങള്‍ നടന്നു. പ്രഖ്യാപനങ്ങള്‍ വന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇവിടങ്ങളിലെ സ്ഥിതി എന്താണ് എന്നു തിരിഞ്ഞു നോക്കുമ്പോള്‍ അവകാശവാദങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പൊള്ളത്തരങ്ങളാണ് വ്യക്തമാവുക.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനത്തിലെ നെടുങ്കയം ആദിവാസി കോളനി ഡിസംബര്‍ 27-നാണ് രാജ്യത്തെ ആദ്യത്തെ കറന്‍സിരഹിത കോളനിയായി പ്രഖ്യാപിക്കപ്പെട്ടത്. വനത്തിനുള്ളില്‍ 103 കുടുംബങ്ങളിലായി 350-ഓളം ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ 27 സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളടക്കം അന്ന് 100-ഓളം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുണ്ടായിരുന്നു.

“പ്രഖ്യാപനത്തിനുശേഷം ഡിജിറ്റല്‍ മണിട്രാന്‍സ്ഫറിംഗ് പ്രൊമോഷനുവേണ്ടി കോളനിവാസികള്‍ക്ക് കളക്ടര്‍ അമിത് കുമാര്‍ മീണ ഒരു സമ്മാനവും പ്രഖ്യാപിച്ചിരുന്നു. തന്റെ അക്കൗണ്ടിലേക്ക് 5 രൂപ ഓണ്‍ലൈനായി അയക്കുന്നവര്‍ക്ക് 25 രൂപ കലക്ടര്‍ തിരിച്ചുനല്‍കി. 30-ഓളം പേര്‍ കോളനിയില്‍ നിന്നും കലക്ടറുടെ അക്കൗണ്ടിലേക്ക് പണമയച്ച് 25 രൂപ സ്വന്തമാക്കിയതായാണ് കണക്ക്. സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വാലറ്റ് ഉപയോഗിച്ചും സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് *99# എന്ന യുഎസ്എസ്ഡി കോഡ് ഉപയോഗിച്ചും പണമിടപാടു നടത്തുന്ന രീതിയുമാണ് പറഞ്ഞുകൊടുത്തിട്ടുള്ളത്. ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനത്തോടൊപ്പം കോളനിയിലേക്ക് എംപിയുടെ വക ഒരുവര്‍ഷത്തേക്ക് സൗജന്യ വൈഫൈ കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കോളനിയിലെ കമ്യൂണിറ്റി സെന്ററില്‍ വച്ച് വൈഫൈ ഉപയോഗിച്ച് ഇനി ആര്‍ക്കുവേണമെങ്കിലും മൊബൈല്‍ ഫോണ്‍ വഴി പണമിടപാടുകള്‍ നടത്താം”- 2016 ഡിസംബര്‍ 31ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇന്നിവിടത്തെ അവസ്ഥ എന്താണ്. മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ “രാജ്യത്തെ ആദ്യത്തെ ക്യാഷ് ലെസ്സ് ആദിവാസി കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട നെടുങ്കയം ആദിവാസി കോളനിയില്‍ ഡിജിറ്റല്‍ ഇടപാട് നടത്തുന്നവരായി ആരുമില്ല. ഡിജിറ്റല്‍ ബാങ്കിംഗ് നടത്താന്‍ സൌകര്യമുള്ള ഫോണുള്ളവര്‍ ചുരുക്കം. കോളനിയില്‍ വൈഫൈ സൌകര്യം ലഭ്യമാക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.”

നെടുങ്കയം ആദിവാസി കോളനി ഡിജിറ്റലായി; ഇനി വേണ്ടത് കുടിവെള്ളവും സ്വന്തമായി ഭൂമിയുമാണ്

പ്രഖ്യാപനം നടത്തിയപ്പോള്‍ കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നവരും ഇപ്പോള്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നില്ല എന്നു മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നു.

ഇതേ അവസ്ഥ തന്നെയാണ് ഡല്‍ഹിയിലെ സുരാഖ്പൂര്‍, നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ അകോദര, തെലുങ്കാനയിലെ ഇബ്രാഹിംപൂര്‍ എന്നിവയ്ക്കും. രാജ്യ തലസ്ഥാനത്ത് നിന്നും 45 കിലോമീറ്റര്‍ അകലെയാണ് സുരാഖ് പൂര്‍. ഡല്‍ഹി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദ്യ ഡിജിറ്റല്‍ ഗ്രാമമായി പ്രഖ്യാപിച്ച ഇവിടെ ഇന്‍റര്‍നെറ്റ് സൌകര്യമില്ല. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമാണ് ഗുജറാത്തിലെ അകോദര. അഹമ്മദാബാദില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ ഇപ്പോള്‍ 20 ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നത്. ഹൈദരാബാദില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള ഇബ്രാഹിംപൂരും ഡിജിറ്റല്‍ ബാങ്കിംഗില്‍ നിന്നും ‘ലോഗ് ഔട്ട്’ ചെയ്തതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെടുങ്കയം ആദിവാസി കോളനി ഡിജിറ്റല്‍ ഗ്രാമാമായി പ്രഖ്യാപിക്കപ്പെട്ടതിന് ഒരു മാസങ്ങള്‍ക്കിടയില്‍ അഴിമുഖം പ്രതിനിധി ഇവിടം ഒരിക്കല്‍ കൂടി സന്ദര്‍ശിച്ചു. അന്ന് അവിടത്തെ ജനങ്ങള്‍ ചോദിച്ചതു ഇതാണ്, “ബാങ്കില്‍ പൈസയുണ്ടേലല്ലേ മൊബൈല്‍ ഉപയോഗിച്ച് സാധനം വാങ്ങാന്‍ പറ്റൂ?”

“രാജ്യത്തെ ആദ്യ കറന്‍സിരഹിത കോളനിയായ നെടുങ്കയത്ത് ആദിവാസികളില്‍ പലരും ഇന്ന് അന്തിയുറങ്ങുന്നത് പുരപ്പുറത്താണെന്നതാണ് ഏറെ രസം. മാനവും താരകവും കണ്ടുറങ്ങാന്‍ കൊതിച്ചിട്ടല്ല, മറിച്ച് കാട്ടാന ശല്യം രൂക്ഷമായതോടെയാണ് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ ഈ കൊടുംതണുപ്പിലും രാത്രി താമസം മേല്‍ക്കൂരക്കു മുകളിലേക്ക് മാറ്റിയത്. കോളനിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളിലെ താമസക്കാരാണ് നിലവില്‍ ആനപ്പേടിയില്‍ കഴിയുന്നത്. ദിവസവും കാട്ടാനകള്‍ കോളനിയുടെ ഈ ഭാഗത്തെ വീടുകള്‍ക്ക് സമീപം എത്തുന്നതായി കോളനി നിവാസിയായ ശാന്താ വിജയന്‍ പറയുന്നു. “ബാക്കിയുള്ള ഭാഗങ്ങളിലെല്ലാം വനംവകുപ്പ് ജണ്ട നിര്‍മിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ പ്രശ്‌നമില്ല. കാട്ടില് വെള്ളമില്ലാത്തോണ്ട് ആന പുഴയിലേക്ക് വെള്ളം കുടിക്കാന്‍ വരുന്നത് ഇത് വഴിയാണ്. കഴിഞ്ഞ ദിവസം വീടിന്റെ അടുക്കള ആന തകര്‍ത്തു. അതോടെയാണ് രാത്രിയുറക്കം മേല്‍ക്കൂരയിലേക്ക് മാറ്റിയത്. വീടിനോട് ചേര്‍ന്ന് നടത്തിയ കൃഷിയും ആന ചവിട്ടി മെതിച്ചു”. കോളനിയിലെ ശാന്താ വിജയന്‍ പറയുന്നു.

“ബാങ്കില്‍ പൈസയുണ്ടേലല്ലേ മൊബൈല്‍ ഉപയോഗിച്ച് സാധനം വാങ്ങാന്‍ പറ്റൂ?”; ഇതാണ് ഡിജിറ്റലാക്കിയ നെടുങ്കയം കോളനി

അതേ, ഡിജിറ്റല്‍ ഇന്ത്യ എന്ന സുന്ദര സുരഭില സ്വപ്നത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഇതിലും ഇരുണ്ടതാണ്. 1800 കോടിയുടെ ഡിജിറ്റല്‍ പണമിടപാട് നടന്നു എന്നു മേനി നടിക്കുമ്പോള്‍ ഇടപാട് നടത്താന്‍ പണമില്ലാത്തവരുടെ ജീവിതത്തെയാണ് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്.

“രാജ്യത്തെ ഓരോ പൌരനെയും സമ്പദ് ഘടനയുടെ സമസ്ത മേഖലകളെയും ബാധിക്കുന്ന സുപ്രധാന നയങ്ങള്‍ എങ്ങനെ നടപ്പാക്കാതിരിക്കണം എന്ന പാഠത്തിന്റെ തിരിച്ചറിവാണ് അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളെ അസാധുവാക്കിയതിന്റെ ഒന്നാം ചരമവാര്‍ഷികം ഓര്‍മ്മിപ്പിക്കുന്നത്”- സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെപി കണ്ണന്‍ മാതൃഭൂമി എഡിറ്റ് പേജില്‍ എഴുതുന്നു.

നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം; ദുരിതങ്ങളുടെ കണക്കെടുപ്പ് ജനങ്ങളും നടത്തേണ്ടതുണ്ട്

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 8, 2017 11:41 am