X

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്റ്റംബര്‍ 17 വരെ നീട്ടി

ഇവരെ വീട്ടുതടങ്കലില്‍ നിര്‍ത്തുന്നതിനെയും പൊലീസ് ശക്തമായി എതിര്‍ത്തു. വീട്ടുതടങ്കലിലിരുന്നുകൊണ്ട് ഇവര്‍ കേസ് അന്വേഷണത്തെ സ്വാധീനിക്കാനും അട്ടിമറിക്കാനം ശ്രമിക്കുകയാണെന്നും പൊലീസ് ആരോപിച്ചു.

മാവോയിസ്റ്റ് ബന്ധവും ഭീമ കോറിഗാവ് സംഘര്‍ഷത്തിന് പിന്നിലെ ആസൂത്രണവും ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍, സുപ്രീം കോടതി ഈ മാസം 17 വരെ നീട്ടി. ഇവരുടെ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി 17ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.ചരിത്രകാരി റോമില ഥാപ്പര്‍, ഇടതുപക്ഷ ചിന്തകനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക് എന്നിവരക്കം നാല് പേരാണ്, ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്നും ഇവരുടെ അറസ്റ്റ് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ഹര്‍ജിയെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ജയിലിലടക്കാന്‍‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. പി വരാവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ എന്നിവരെയാണ് ഓഗസ്റ്റ് 28ന് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത് അറസ്റ്റിന് ആക്ടിവിസ്റ്റുകളുടെ രാഷ്ട്രീയവുമായോ സര്‍ക്കാരിനോടുള്ള വിയോജിപ്പുകളുമായോ എതിരഭിപ്രായങ്ങളുമായോ ബന്ധമില്ലെന്നാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആക്ടിവിസ്റ്റുകളുടെ കംപ്യൂട്ടറുകള്‍, ലാപ്പ്ടോപ്പുകള്‍, പെന്‍ ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായും പൊലീസ് അവകാശപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്നും പൊലീസ് ആരോപിക്കുന്നു. ഇവരെ വീട്ടുതടങ്കലില്‍ നിര്‍ത്തുന്നതിനെയും പൊലീസ് ശക്തമായി എതിര്‍ത്തു. വീട്ടുതടങ്കലിലിരുന്നുകൊണ്ട് ഇവര്‍ കേസ് അന്വേഷണത്തെ സ്വാധീനിക്കാനും അട്ടിമറിക്കാനം ശ്രമിക്കുകയാണെന്നും പൊലീസ് ആരോപിച്ചു.