X

2016ല്‍ ഭരണത്തുടര്‍ച്ചയ്ക്കായി എഐഎഡിഎംകെ വോട്ടര്‍മാര്‍ക്ക് 641 കോടി രൂപ കോഴ നല്‍കി

പല നിയമസഭ മണ്ഡലങ്ങളിലും 70 ശതമാനം വോട്ടര്‍മാര്‍ക്കും എഐഎഡിഎംകെ പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതികള്‍ ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

2016ല്‍ ഭരണത്തുടര്‍ച്ച നേടാന്‍ എഐഎഡിഎംകെ വോട്ടര്‍മാര്‍ക്ക് 641 കോടി രൂപ കോഴയായി നല്‍കിയതായി ദ വീക്ക് റിപ്പോര്‍ട്ട്. വോട്ടര്‍മാര്‍ക്ക് 250 രൂപ വീതമാണ് ജയലളിതയുടെ എഐഎഡിഎംകെ നല്‍കിയത്. 234ല്‍ 134 സീറ്റ് നേടി അധികാരത്തില്‍ തുടരാന്‍ അണ്ണാ ഡിഎംകെയെ സഹായിച്ചത് ഇതാണ് എന്നാണ് ആരോപണം. പല നിയമസഭ മണ്ഡലങ്ങളിലും 70 ശതമാനം വോട്ടര്‍മാര്‍ക്കും എഐഎഡിഎംകെ പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതികള്‍ ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വിതരണം സംബന്ധിച്ച പണം സംബന്ധിച്ച് 2017 മേയ് ഒമ്പതിന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് (പിഡിഐടി), ഐടി ഡയറക്ടര്‍ ജനറലിന് കുറിപ്പ് നല്‍കിയിരുന്നു. ചെന്നൈയിലെ എസ്ആര്‍എസ് മൈനിംഗ് കമ്പനിയുടെ ഓഫീസില്‍ നിന്ന് 2016 ഡിസംബറില്‍ പിടിച്ചെടുത്തി രേഖകള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ വ്യവായി ജെ ശേഖര്‍ റെഡ്ഡി പങ്കാളിയായ കമ്പനിയാണിത്.

എസ്ആര്‍എസ് മൈനിംഗിന് 227.25 കോടി രൂപ ലഭിച്ചിരിക്കുന്നത് ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ആര്‍ വൈത്തിലിംഗത്തില്‍ നിന്നാണ്. വൈദ്യുതി മന്ത്രി നഥാ വിശ്വനാഥനില്‍ നിന്ന് 197 കോടി രൂപ. പൊതുമരാമത്ത് മന്ത്രിയായിരുന്ന ഒ പനീര്‍സെല്‍വത്തില്‍ നിന്ന് 217 കോടി. ഈ പണം എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത് എസ്ആര്‍എസ് മൈനിംഗ് കമ്പനിയിലെ ജീവനക്കാരും അസോസിയേറ്റുകളും പങ്കാളികളും.

വോട്ടര്‍മാരെ പണം നല്‍കി വീഴ്ത്താനുള്ള ശ്രമം 2015ല്‍ തുടങ്ങിയിരുന്നു. ജയലളിത സര്‍ക്കാരിന്റെ ജനപിന്തുണ ഇടിഞ്ഞിരിക്കുകയാണ് എന്ന ബോധ്യത്തിലായിരുന്നു ഇത്. വര്‍ഷം ഒക്ടോബറില്‍ ഓരോ മണ്ഡലത്തിലേയും വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി എഐഎഡിഎംകെ വിശദമായ ചാര്‍ട്ട് തയ്യാറാക്കിയിരുന്നു. വോട്ടര്‍മാരുടെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ആവശ്യങ്ങള്‍, രാഷ്ട്രീയ ചായ്‌വുകള്‍, ജാതി, മതം, ഓരോ വീട്ടിലേയും വോട്ടുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് നോട്ടുകെട്ടുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വിതരണം ചെയ്യാനായി കൊണ്ടുപോയി. എഐഎഡിഎംകെ വാര്‍ഡ് മെമ്പര്‍മാര്‍ അടക്കമുള്ളവരുടെ വീടുകളിലാണ് പണം സൂക്ഷിച്ചത്. ഇത് ബൂത്ത് ചുമതലയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് 250 രൂപ വീതം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. നാല് വോട്ടുള്ള വീട്ടില്‍ 1000 രൂപ.

വായനയ്ക്ക്: https://www.theweek.in/theweek/statescan/2019/04/12/aiadmk-spent-rs-641-crore-in-2016-to-bribe-its-way-back-to-power.html

This post was last modified on April 14, 2019 9:37 am