X

പറവൂരിലെ വിദ്വേഷ പ്രസംഗം: ശശികലയ്‌ക്കെതിരെ കേസെടുത്തു

വിഡി സതീശന്‍ എംഎല്‍എയും ഡിവൈഎഫ്‌ഐയും പരാതി നല്‍കിയതിന് പിന്നാലെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എറണാകുളം പറവൂരില്‍ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെപി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പറവൂര്‍ എംഎല്‍എയുടേയും വിഡി സതീശന്റെയും ഡിവൈഎഫ്‌ഐയുടേയും പരാതിയില്‍ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന്‍ എംഎല്‍എയ്ക്കുമെതിരെ നടത്തിയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്. മതേതര നിലപാടുള്ള എഴുത്തുകാര്‍ക്കുള്ള ഭീഷണിയായിരുന്നു ശശികലയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തിക്കോളാനാണ് ശശികല പറഞ്ഞത്.

ശശികല പറഞ്ഞത് ഇങ്ങനെ:

“എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തവും ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം. ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലെ ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്”.

വിഡി സതീശന്‍ എംഎല്‍എയും ഡിവൈഎഫ്‌ഐയും പരാതി നല്‍കിയതിന് പിന്നാലെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് കണ്ടെത്തിയതിനെ തുര്‍ന്ന് നേരത്തെ കോഴിക്കോട് കസബ പൊലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു. കോഴിക്കോട് മുതലക്കുളത്ത് 2006ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

This post was last modified on September 11, 2017 11:44 am