X

സഹപാഠിക്കെതിരെ ലൈംഗികാക്രമണം: ചൈനീസ് ഓൺലൈൻ വ്യാപാരി യുഎസ്സിൽ അറസ്റ്റിൽ

ആലിബാബ പോലുള്ള വമ്പന്മാരോട് ഏറ്റുമുട്ടി ചൈനീസ് ഓൺലൈൻ വാണിജ്യരംഗത്ത് വിജയകരമായി പിടിച്ചു നിൽക്കുന്ന കമ്പനിയാണ് ജെഡി ഡോട്ട് കോം.

ചൈനീസ് ഓൺലൈൻ വ്യാപാരസ്ഥാപനമായ ജെഡി ഡോട്ട് കോമിന്റെ സിഇഒ ലിയു ക്ലാങ്ഡോങ് യുഎസ്സിൽ അറസ്റ്റിലായി. ലൈംഗികാക്രമണ ആരോപണത്തെത്തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച അർധരാത്രിയോടടുത്താണ് മിന്നെസോട്ട പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച 4 മണിയോടെ വിട്ടയ്ക്കുകയും ചെയ്തു.

അറസ്റ്റിന്റെ വിവരങ്ങൾ നൽകാൻ മിന്നേപോളിസ് പൊലീസ് തയ്യാറായില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വക്താവ് ജോൺ എൽഡർ പറഞ്ഞു.

ആലിബാബ പോലുള്ള വമ്പന്മാരോട് ഏറ്റുമുട്ടി ചൈനീസ് ഓൺലൈൻ വാണിജ്യരംഗത്ത് വിജയകരമായി പിടിച്ചു നിൽക്കുന്ന കമ്പനിയാണ് ജെഡി ഡോട്ട് കോം. 7.9 ബില്യൺ ഡോളർ ആസ്തിയുണ്ട് ലിയുവിന്.

‘സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ സിഇഒ ലിയുവിനെ മിന്നെസോട്ട പൊലീസ് ചോദ്യം ചെയ്തു’വെന്ന് ജെഡി ഡോട്ട് കോം മാധ്യമങ്ങളെ അറിയിച്ചു. യുഎസ്സിൽ ഒരു ബിസിനസ്സ് ടൂറിലായിരുന്നു സിഇഒ എന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ട് അദ്ദേഹത്തെ വിട്ടയച്ചെന്നും കമ്പനി അവകാശപ്പെട്ടു. ഊഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ലിയു യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ടയുടെ ബിസിനസ്സ് വിഭാഗത്തിൽ പഠനം നടത്തുന്നയാളാണ്. യൂണിവേഴ്സിറ്റിയിലെ ഒരു ചൈനീസ് വിദ്യാർത്ഥിയാണ് പരാതിക്കാരി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ സർവ്വകലാശാല അധികൃതർ വിസമ്മതിച്ചു.

Related Post
Leave a Comment