X

ദിലീപിന് ഇന്ന് കുറ്റപത്രം; മഞ്ജുവാര്യര്‍ മുഖ്യ സാക്ഷി; രണ്ടു മാപ്പ് സാക്ഷികള്‍

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം

നടിയെ ആക്രമിച്ച കേസില്‍ ഇന്ന് അനുബന്ധ കുറ്റപത്രം നല്‍കും. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ മുഖ്യ സാക്ഷിയാണ്. പോലീസുകാരനായ അനീഷ് സഹതടവുകാരന്‍ വിപിന്‍ ലാല്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍. അനീഷിന്റെ ഫോണില്‍ വിളിച്ചാണ് ദിലീപ് പള്‍സര്‍ സുനിയുമായി സംസാരിച്ചത്. പള്‍സര്‍ സുനിയെ അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അനീഷ്. വിപിന്‍ ലാലാണ് സുനിക്ക് വേണ്ടി ദിലീപിന് ജയിലില്‍ നിന്നും കത്തയച്ചത്.

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്നത്. 12 പ്രതികളാണ് കേസില്‍ ഉള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്.

ആദ്യ കുറ്റപത്രത്തിലെ ഏഴു പ്രതികളെയും അതേപടി നിലനിര്‍ത്തി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരാണ് കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ അത് അനുബന്ധ കുറ്റപത്രത്തെ ദുര്‍ബലമാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്.

This post was last modified on November 22, 2017 5:56 pm