X

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ദൂരദര്‍ശന്‍ കാമറാമാനെ വധിച്ചു

നിയമസഭ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനെത്തിയ ദൂരദര്‍ശന്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ഛത്തീസ്ഗഡിലെ ദണ്ഡേവാദയില്‍ ദൂരദര്‍ശന്‍ സംഘത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കാമറാമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആരന്‍പൂര്‍ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനെത്തിയ ദൂരദര്‍ശന്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് ഈ സമയം മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. അതേസമയം തിരഞ്ഞെടുപ്പിനെതിരായ അക്രമങ്ങളുടെ ഭാഗമാണോ നടന്നത് എന്നത് അന്വേഷിച്ച ശേഷമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ബീജാപ്പൂര്‍ ജില്ലയില്‍ ബുള്ളറ്റ് പ്രൂഫ് മൊബൈല്‍ ബങ്കറിനെ ലക്ഷ്യം വച്ചുള്ള ഐഇഡി ആക്രമണത്തില്‍ നാല് സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 12, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം വോട്ടെണ്ണും.

This post was last modified on October 30, 2018 1:37 pm