X

ഇന്ത്യക്കാരിയായ തനിക്ക് ഇന്ത്യയില്‍ എവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് അമല പോള്‍; വിവരമുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് പറയുന്ന അമല പോള്‍, തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയാണ്.

ആഡംബര കാര്‍ വാങ്ങി പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് നടി നികുതിവെട്ടിപ്പിന് ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അമലാ പോളിന്റെ വിചിത്രമായ വാദം. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കമന്റുകളായി വന്നിരിക്കുന്നത്. അമല പോള്‍ ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

മാതൃഭൂമി പോലെ വലിയ പാരമ്പര്യമുള്ളതും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമുള്ളതുമായ ഒരു പത്രം ഇത്തരത്തില്‍ പ്രാദേശിക വിഭാഗീയ അജണ്ടകളുമായി രംഗത്തെത്തുന്നത് കഷ്ടമാണെന്നും അമല പോള്‍ അഭിപ്രായപ്പെടുന്നു. അഴിമതി തുടച്ചുനീക്കാനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമാണ് ശ്രദ്ധ വേണ്ടതെന്നും നടി അഭിപ്രായപ്പെടുന്നു. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് പറയുന്ന അമല പോള്‍, തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയാണ്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ലക്ഷങ്ങള്‍ വെട്ടിക്കുന്നതിലെ ഉളുപ്പില്ലായ്മ

കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണമോയെന്നും അമല പോസ്റ്റിലൂടെ പരിഹസിക്കുന്നു. വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലെന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും, എല്ലാ വര്‍ഷവും കോടികള്‍ നികുതി അടയ്ക്കുന്നു എന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നും ചിലര്‍ മറുപടി നല്‍കിയിരിക്കുന്നു. പുതുച്ചേരിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോളിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 20 ലക്ഷം രൂപയുടെ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്.

This post was last modified on November 3, 2017 11:00 am