ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര അന്വേഷണ കമ്മിറ്റിയില്‍ നിന്ന് ജസ്റ്റിസ് എന്‍വി രമണ ഒഴിഞ്ഞ സാഹചര്യത്തില്‍ പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച കമ്മിറ്റിയില്‍ നേരത്തെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരാണ് ഉണ്ടായത്. എന്നാല്‍ കമ്മിറ്റിയുടെ ഘടനയില്‍ അതൃപ്തി അറിയിച്ച് പരാതിക്കാരി കമ്മിറ്റി അംഗങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായ അടുപ്പമുള്ള ജസ്റ്റിസ് രമണയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിന് എതിരെയായിരുന്നു പ്രധാനമായും എതിര്‍പ്പ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എന്‍വി രമണ കമ്മിറ്റിയില്‍ നിന്ന് സ്വയം ഒഴിവായത്. സുപ്രീം കോടതിയുടെ നേരത്തെയുള്ള മാര്‍ഗനിര്‍ദ്ദേശപ്രകാരം ഇത്തരം പരാതികള്‍ അന്വേഷിക്കുന്ന കമ്മിറ്റികളില്‍ വനിതകള്‍ ഭൂരിപക്ഷം ആയിരിക്കണം എന്നതും പാലിക്കപ്പെട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതിയിലെ പീഡന പരാതികള്‍ അന്വേഷിക്കാനുള്ള കമ്മിറ്റി അധ്യക്ഷ ഇന്ദു മല്‍ഹോത്രയെ ഈ കേസില്‍ ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് വിമര്‍ശനമുയര്‍ത്തിയിരുന്നു.
This post was last modified on April 25, 2019 10:01 pm
Leave a Comment