മധ്യപ്രദേശിലെ ഭോപ്പാൽ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങിന് ക്യാൻസറുണ്ടായിരുന്നെന്ന വാദം തെറ്റാണെന്ന് അവരെ പരിശോധിച്ച ഡോക്ടർ. പ്രഗ്യാ സിങ് തന്നെയാണ് തനിക്ക് സ്തനാർബുദമുണ്ടായിരുന്നെന്നും ഗോമൂത്രം കുടിച്ചാണ് അത് ഭേദമായതെന്നും അവകാശപ്പെട്ടത്.
2010ൽ പ്രഗ്യാ സിങ് ആന്റി ടെററിസം സ്ക്വാഡിന്റെ കസ്റ്റഡിയിലുള്ളപ്പോഴാണ് ജെജെ ഹോസ്പിറ്റലിൽ പരിശോധന നടത്തിയത്. ഈ പരിശോധന ഡോ. ടിപി ലഹാനെയുടെ നേതൃത്വത്തിലാണ് നടന്നത്. ഇദ്ദേഹമാണ് പ്രഗ്യാ സിങ്ങിന് ക്യാൻസർ ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
2008 മാലെഗാവ് സ്ഫോടനക്കേസിൽ പ്രതിയായാണ് പ്രഗ്യ എടിഎസ്സിന്റെ പിടിയിലുണ്ടായിരുന്നത്.
പരിശോധനയിൽ പ്രഗ്യക്ക് ക്യാൻസറിന്റെ യാതൊരു സൂചനകളുമുണ്ടായിരുന്നില്ല. എംആർഐ സ്കാനിലും ഇസിജി റിപ്പോർട്ടിലും ഒരു പ്രശ്നവുമില്ലെന്ന് തെളിഞ്ഞതാണെന്നും ടിപി ലഹാനെ വ്യക്തമാക്കി.
മൂത്രം കുടിച്ച് ക്യാൻസർ ഭേദമാക്കിയെന്ന പ്രഗ്യാ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യത്തെ പ്രമുഖ ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്. രോഗികളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രഗ്യ ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. യാതൊരു വിധത്തിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സകൾ തേടുകയും അവസാനം തങ്ങൾക്കരികിലേക്ക് എത്തുകയും ചെയ്യുന്ന നിരവധി രോഗികളുണ്ടെന്നും പ്രഗ്യാ സിങ്ങിനെപ്പോലുള്ളവരുടെ വാക്കുകൾ ഇത്തരക്കാരുടെ എണ്ണം കൂട്ടുമെന്നും ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു.
Leave a Comment