X

ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചക്ക് മാറ്റി; റിമാന്‍ഡ് 28 വരെ നീട്ടി

ദിലീപിന്‍റെ റിമാന്‍ഡ് 28 വരെ നീട്ടി

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കി. ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 28 വരെ നീട്ടുകയും ചെയ്തു. അടച്ചിട്ട കോടതിമുറിയിലാണ് ഇന്ന് വാദം കേട്ടത്.

കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്.

ദിലീപ് ഇത് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ട് തവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ് കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അതിനിടെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ദർശിച്ചു. വൈകിട്ട് നാലുമണിയോടെയാണ് ലളിത ആലുവ സബ് ജയിലിൽ എത്തിയത്.

This post was last modified on September 16, 2017 8:00 pm