X

എടപ്പാൾ പീഡനക്കേസ് പ്രതിയുടെ മകൾക്ക് വിലക്ക്; ‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജിൽ വരേണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞതായി ആരോപണം

മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു

എടപ്പാളിലെ തിയറ്റർ പീഡനക്കേസ് പ്രതിയായ മൊയ്തീൻ കുട്ടിയുടെ മകളെ കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞ പ്രിൻസിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. പെരുമ്പിലാവ് പിഎസ്എം ദന്തൽ കോളജിനെതിരെയാണ് കമ്മീഷൻ കേസെടുത്തത്. പ്രിൻസിപ്പാൾ ഡോ. താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മെയ് 12ന് മൊയ്തീൻകുട്ടി അറസ്റ്റിലായതിനു ശേഷമാണ് കോളജിൽ വിലക്കേർപ്പെടുത്തിയത്. പരീക്ഷയ്ക്ക് വന്നാൽ‌ മതിയെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം. ജൂൺ 25ന് കോളജിൽ ഫീസടയ്ക്കാൻ ചെന്നപ്പോൾ അതുവാങ്ങാൻ കോളജധികൃതർ വിസമ്മതിക്കുകയും ചെയ്തു. അടുത്ത മാർച്ചിൽ പരീക്ഷയെഴുതാനായിരുന്നു നിർദ്ദേശം. 12 ദിവസത്തെ ഹാജർ കുറവുണ്ട് ഇവർക്ക്. ഇതിനെ സാധൂകരിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും കാര്യമുണ്ടായില്ല.

ഈ വിഷയം കാണിച്ച് മൊയ്തീൻകുട്ടി മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ നിന്ന് സൂപ്രണ്ട് മുഖാന്തിരം മനുഷ്യാവകാശ കമ്മീഷന് ജൂലൈ 3ന് പരാതി നൽകി.

‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജിൽ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാൽ മതിയെന്നും പ്രിൻസിപ്പാൾ തന്റെ ഭാര്യയെ ഫോൺ വഴി അറിയിച്ചതായി മൊയ്തീൻ കുട്ടി നൽകിയ പരാതിയിൽ പറയുന്നു. മെയ് 15നായിരുന്നു ഇത്.

ഡിസംബറിൽ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും മകളുടെ ഭാവി കണക്കിലെടുത്ത് വേഗത്തിലുള്ള ഇടപെടൽ വേണമെന്നും മൊയ്തീൻകുട്ടി പരാതിയിൽ ആവശ്യപ്പെട്ടു. ഇതിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് വന്നിരിക്കുന്നത്.

This post was last modified on July 16, 2018 7:44 pm