X

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് തെറ്റ്, പിലാത്തറയില്‍ കള്ള വോട്ട് നടന്നിട്ടില്ലെന്ന് ഇപി ജയരാജന്‍

സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും ഇത് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ ആരോപണവിധേയരായ സ്ത്രീകള്‍ നിയമനടപടി സ്വീകരിക്കുന്നുണ്ട് എന്നും ഇപി ജയരാജന്‍ പറഞ്ഞു.

കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിലെ പില്ലാത്തറയില്‍ കള്ളവോട്ട് നടന്നു എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ല എന്ന് സിപിഎം കേന്ദ് കമ്മിറ്റി അംഗമായ മന്ത്രി ഇപി ജയരാജന്‍. പിലാത്തറ യുപി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ സ്ത്രീകള്‍ ചെയ്തത് ഓപ്പണ്‍ വോട്ട് തന്നെയാണ്. കള്ള വോട്ടല്ല. സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും ഇത് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ ആരോപണവിധേയരായ സ്ത്രീകള്‍ നിയമനടപടി സ്വീകരിക്കുന്നുണ്ട് എന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബൂത്ത് ഏജന്റുമാര്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്നും ഇത് ഇപ്പോള്‍ ചില ലക്ഷ്യങ്ങളോടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പരാതിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സിപിഎം പഞ്ചായത്ത് അംഗം അടക്കം മൂന്ന് സ്ത്രീകളാണ് കള്ളവോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പദ്മിനി, സലീന, സുമയ്യ എന്നിവരാണ് ഇത്തരത്തില്‍ വോട്ട് ചെയ്തത്. എല്‍ഡിഎഫ് പോളിംഗ് ഏജന്റിന്റെ സഹായത്തോടെയാണ് ഇവര്‍ കള്ളവോട്ട് ചെയ്തത് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. എല്‍ഡിഎഫ് പോളിംഗ് ഏജന്റിനെതിരെയും ബൂത്ത് ഓഫീസര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.