X

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പിന്‍വലിച്ചു; പക്ഷേ, അച്ചടക്ക നടപടിക്ക് ശുപാര്‍ശ

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിലൂടെ എസ് പി ജി ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചു എന്ന് ആരോപിച്ചാണ് മുഹമ്മദ് മുഹ്സിന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരിശോധന ഇളവുകള്‍ ആര്‍ക്കും അനുവദിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മോദിയുടെ വിമാനത്തില്‍ നിന്ന് ഒരു പെട്ടി, യാതൊരു പരിശോധനകളും കൂടാതെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. ഇതില്‍ കള്ളപ്പണമാണോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു ഒഡീഷയിലെ സംബല്‍പൂരില്‍ പ്രചരണത്തിനെത്തിയപ്പോള്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ മുഹ്സിന്‍ ഉത്തരവിട്ടത്. ഇത് എസ്പിജി ചട്ടങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു.

ഇതിനു പിന്നാലെ, മുഹ്സിനെ സ്വന്തം കേഡറായ കര്‍ണാടകത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ അയച്ചിരുന്നു. ഇതിനിടെയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തത്.  സുരക്ഷയുടെ കാര്യത്തില്‍ എസ്പിജി സംരക്ഷണം ഉണ്ട് എന്നത് അങ്ങനെ ഉള്ളവര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. ഈ ഉത്തരവ് വന്നു മണിക്കൂറുകള്‍ക്കകം കമ്മീഷനും തങ്ങളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായ ഉത്തരവ് പുറത്തിറക്കി. അതേ സമയം, ഡപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറില്‍ നിന്ന് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മുഹ്സിനെ തെരഞ്ഞെടുപ്പ് സംബന്ധമായ ജോലികളില്‍ നിന്ന് വിലക്കിയിട്ടുള്ളതായും കമ്മീഷന്‍ പറയുന്നു.

This post was last modified on April 26, 2019 10:02 am