ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിന് പകരം വയ്ക്കാന്‍ മറ്റൊരു താരത്തെ കണ്ടെത്തുക അസാധ്യമാണ്. നേരത്തെ കളിക്കാരനെന്ന നിലയിലും ഇപ്പോള്‍ പരിശീലകന്റെ വേഷത്തിലും ദ്രാവിഡ് ടീം ഇന്ത്യയ്ക്ക് മുതല്‍ കൂട്ടാണ്. ബാറ്റിങില്‍ നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള താരം ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനെന്ന നിലയിലും തിളങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു.
കഴിഞ്ഞ 30 മാസത്തോളമായി ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം മികച്ച കോമ്പിനേഷനാണ്. ഇന്ത്യ എത്ര മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഏകദിന റാങ്കിങിലെ രണ്ടാംസ്ഥാനം തന്നെ അടിവരയിടുന്നു. ലോകകപ്പ് നേടിയാല്‍ ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാമതെത്തുമെന്നും ദ്രാവിഡ് വിശദമാക്കി.
ലോകകപ്പില്‍ റായുഡുവിന്റെയും പന്തിന്റെയും അഭാവം ഇന്ത്യയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇന്ത്യ വളരെ സന്തുലിതമായ ടീമാണെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. നിരവധി കോമ്പിനേഷനുകള്‍ ഇന്ത്യക്കുണ്ട്. ആരൊക്കെ ടൂര്‍ണമെന്റില്‍ പെര്‍ഫോം ചെയ്യുകയെന്നാണ് അറിയാനുള്ളത്. ടീമിലെ ഒന്നോ, രണ്ടോ പേരുടെ കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ടാവും. നിലവില്‍ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞു, അവര്‍ നല്ല പ്രകടനം നടത്തുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും ദ്രാവിഡ് പറഞ്ഞു.
Leave a Comment