X

ചുമതലകള്‍ കൈമാറി, ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേയ്ക്ക്

ചുമതല കൈമാറുന്നതായി അറിയിച്ച് രൂപതാ അംഗങ്ങള്‍ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ കത്ത് നല്‍കി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. താല്‍ക്കാലികമായാണ് രൂപതാധ്യക്ഷന്റെ ചുമതല ഒഴിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. ഫാദര്‍ മാത്യു കോക്കണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. ചുമതല കൈമാറുന്നതായി അറിയിച്ച് രൂപതാ അംഗങ്ങള്‍ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ കത്ത് നല്‍കി. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതായും തനിക്കും പരാതിക്കാരിക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഫ്രാങ്കോയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ബിഷപ്പ് കൈപ്പറ്റിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ രാജി വയ്ക്കണമെന്ന് മുംബയ് രൂപത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഭയെ നാണം കെടുത്തരുതെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകളോടാണ് കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വം (കെസിബിസി) ആവശ്യപ്പെട്ടത്. വത്തിക്കാനില്‍ നിന്നടക്കം സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ബിഷപ്പ് ചുമതലകള്‍ കൈമാറിയത് എന്ന സൂചനയുണ്ട്. കേരള സഭ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2014 മുതൽ 2016 വരെ പല ഘട്ടങ്ങളിലായി തന്നെ ഫ്രാങ്കോ മുളയ്ക്കല്‍, ലൈംഗിക പീഡത്തിനിരയാക്കി എന്ന പരാതിയാണ് കോട്ടയം കുറുവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീ ഉന്നയിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് വലിയ വിവാദമായിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമര രംഗത്തിറങ്ങിയതോട് കൂടി പ്രശ്നം ആഗോള ശ്രദ്ധ നേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എന്ന വിമര്‍ശനം ഉയര്‍ന്നു.  വത്തിക്കാന്‍ അടക്കം ഇടപെട്ടു. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ ക്ഷമ കാണിക്കണം എന്നും അന്വേഷണം ശരിയായ ദിശയിലാണ് എന്നും ഹൈക്കോടതി പറഞ്ഞത് മാത്രമാണ് സര്‍ക്കാരിന് ആശ്വാസമായത്‌. 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജലന്ധര്‍ പൊലീസ് മുഖാന്തരവും ഇ മെയില്‍ വഴിയുമായാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

This post was last modified on September 15, 2018 4:45 pm