X

ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; അന്വേഷണം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക്

ഗവര്‍ണറുമായി ബന്ധപ്പെട്ട എന്തെങ്കിലും സി.ഡി, എം.എം.എസ് ക്ലിപ്പുകള്‍ ഉണ്ടോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഇന്റലീജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കാതെ ഗവര്‍ണറോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടും എന്നുമാണ് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ് ഭവനിലെ വനിതാ ഉദ്യോഗസ്ഥരെ തന്റെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിച്ചു എന്നാണ് പരാതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണറായിരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ രാജ്ഭവനിലാണോ അതോ മുമ്പ് ഗവര്‍ണറായിരുന്ന സ്ഥലത്തു നിന്നാണോ പരാതി ഉയര്‍ന്നിട്ടുള്ളതെന്ന് വ്യക്തമല്ല.

ഇന്റലീജന്‍സ് ഏജന്‍സികള്‍ സംഭവം അന്വേഷിച്ചു വരികയാണെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഗവണര്‍റോട് രാജി ആവശ്യപ്പെടുമെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ പങ്കജ് വോറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനൊപ്പം, ഗവര്‍ണറുമായി ബന്ധപ്പെട്ട എന്തെങ്കിലും സി.ഡി, എം.എം.എസ് ക്ലിപ്പുകള്‍ ഉണ്ടോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

ഗവര്‍ണര്‍മാര്‍ ലൈംഗികാരോപണത്തില്‍ ഉള്‍പ്പെടുന്നത് ആദ്യമായല്ല. മേഘാലയ ഗവര്‍ണര്‍ ആയിരുന്ന വി. ഷണ്‍മുഖനാഥന്‍ കഴിഞ്ഞ വര്‍ഷം രാജി വയ്‌ക്കേണ്ടി വന്നത് സമാന ആരോപണങ്ങളുടെ പേരിലായിരുന്നു. രാജ്ഭവനെ ‘യംഗ് ലേഡീസ് ക്ലബ്’ ആക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. രാജ്ഭവനിലെ നൂറിലേറെ ജോലിക്കാര്‍ അദ്ദേഹത്തിനെതിരെ പരാതി ഉന്നയിക്കുകയും ചെയ്തതോടെ അന്ന് രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖര്‍ജി രാജി ആവശ്യപ്പെടുകയായിരുന്നു.

2009-ല്‍ കോണ്‍ഗ്രസ് നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയും സമാനമായ ആരോപണത്തില്‍ കുടുങ്ങിയിരുന്നു. ആന്ധ്ര പ്രദേശ് ഗവര്‍ണറായിരിക്കുമ്പോള്‍ സമാനമായ ആരോപണം ഉയര്‍ന്നെങ്കിലും രാജി വയ്ക്കാന്‍ തിവാരി തുടക്കത്തില്‍ മടിച്ചു. എന്നാല്‍ അന്ന് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍, തിവാരി ആന്ധ്ര ഗവര്‍ണറായിരിക്കുമ്പോള്‍ സംസ്ഥാനം സന്ദര്‍ശിക്കാന്‍ മടിച്ചതോടെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. അന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള തിവാരിയുടെ ലൈംഗിക കേളികളുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ കാലത്തും ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അന്നത്തെ വലിയ രാഷ്ട്രീയ നേതാക്കളിലൊരാളായതിനാല്‍ നടപടികളൊന്നും ഉണ്ടായില്ല.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

This post was last modified on February 25, 2018 7:52 pm