X

ഗൗരിയമ്മയെ ഉപമുഖ്യമന്ത്രിയാക്കി ആന്റണിയെ വീഴ്ത്താന്‍ വിഎസ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി രാജന്‍ ബാബു

ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും തനിക്ക് മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു എന്നാണ് രാജന്‍ ബാബു മാതൃഭൂമിയോട് പറഞ്ഞത്.

എകെ ആന്റണിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ ജെഎസ്എസിനും കെആര്‍ ഗൗരിയമ്മയ്ക്കും വലിയ വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് ജെഎസ്എസ് നേതാവ് എഎന്‍ രാജന്‍ ബാബു. ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും തനിക്ക് മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു എന്നാണ് രാജന്‍ ബാബു മാതൃഭൂമിയോട് പറഞ്ഞത്. നാല് എംഎല്‍എമാരാണ് അന്ന് ജെഎസ്എസിനുണ്ടായിരുന്നത്. കെ കരുണാകരനെ കൂട്ടുപിടിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്നും രാജന്‍ ബാബു ആരോപിക്കുന്നു.

കോണ്‍ഗ്രസ് ഐ വിഭാഗക്കാരായ 21 എംഎല്‍എമാര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍ എസ് പി ബാബു ദിവാകരന്‍ വിഭാഗം എന്നിവര്‍ ചേര്‍ന്ന് 67 എംഎല്‍എമാരെ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പം ജെഎസ്എസിന്റെ നാല് പേര്‍ കൂടി ചേര്‍ന്നാല്‍ ആന്റണി മന്ത്രിസഭയെ മറച്ചിട്ടി് പുതിയ മന്ത്രിസഭയുണ്ടാക്കാം എന്നതായിരുന്നു പദ്ധതി. ആര്‍എസ്പി നേതാവാണ് ആദ്യം സംസാരിച്ചത്. പിന്നെ ശോഭന ജോര്‍ജ്ജും പത്മജയും കരുണാകരനും സംസാരിച്ചു. വിഎസ് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ വച്ച് ഗൗരിയമ്മയെ കണ്ടു.

ആന്റണി ഗൗരിയമ്മയെ വിളിച്ച് ചോദിച്ചു. ഒന്നും സംഭവിക്കില്ല എന്ന് ഗൗരിയമ്മ ആന്റണിക്ക് ഉറപ്പ് നല്‍കി. ഗൗരിയമ്മ വഴങ്ങില്ലെന്ന് മനസിലായതോടെ അവരെ ഒഴിവാക്കി മറ്റ് മൂന്ന് പേര്‍ക്കായി ശ്രമിച്ചു. വലിയ തുകയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ തങ്ങളാരും അതിന് വഴങ്ങിയില്ലെന്നും ഗൗരിയമ്മയുടെ മൂല്യാധിഷ്ഠിത നിലപാടാണ് ആ സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ കാരണമായതെന്നും രാജന്‍ ബാബു പറയുന്നു. ഇന്നലെ കെആര്‍ ഗൗരിയമ്മയുടേയും രാജന്‍ ബാബുവിന്റേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ലയിച്ച് ജെഎസ്എസ് ഒറ്റ പാര്‍ട്ടിയായി മാറിയിരുന്നു.

This post was last modified on April 14, 2019 9:42 am