X

കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം മതിയെന്ന ഉത്തരവ് വിവരക്കേട്: കടകമ്പള്ളി

ഇന്ത്യന്‍ കോഫീഹൗസുകളുടെ ഉടമസ്ഥരായ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധ വിവരക്കേടെന്ന് സഹകരണമന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. അഡ്മിനിസ്‌ട്രേറ്റര്‍ ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ഉത്തരവ് സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നും കടകമ്പള്ളി വ്യക്തമാക്കി. ഇന്ത്യന്‍ കോഫീഹൗസുകളുടെ ഉടമസ്ഥരായ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കുലര്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

മേയ് ഒന്നുമുതല്‍ മറ്റ് പത്രങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയുടേയും മലയാള മനോരമയുടേതും അടക്കമുള്ള യാതൊരു പ്രസിദ്ധീകരണങ്ങളും വാങ്ങുകയോ വില്‍പ്പനയ്ക്ക് വയ്ക്കുകയോ ചെയ്യരുതെന്നാണ് കോഫി ഹൗസുകള്‍ക്കുള്ള നിര്‍ദ്ദേശം. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊളളുന്നത്. സിഐടിയുവിന്റെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്.

അതേസമയം സര്‍ക്കുലര്‍ അല്ല പുറത്തിറക്കിയിരിക്കുന്നത് എന്നും കോഫീ ഹൗസ് മാനേജര്‍മാര്‍ക്ക് ഉള്ള നിര്‍ദ്ദേശമാണ് നല്‍കിയതെന്നുമാണ്‌ അഡ്മിനിസ്ട്രേറ്റര്‍ പറയുന്നത്. ഇത് താല്‍ക്കാലികമായ തീരുമാനം ആണെന്നും അഡ്മിനിസ്ട്രെറ്റര്‍ പറയുന്നു. ദേശാഭിമാനി നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മറ്റ് പ്രസിദ്ധീകരണങ്ങള്‍ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണെന്നും ഓഫീസ് വൃത്തങ്ങള്‍ സമ്മതിച്ചു. കോഫീ ബോര്‍ഡിന് എതിരായ വാര്‍ത്തകളും സമീപനങ്ങളും മറ്റും ചില പ്രത്യേക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമായിട്ടുണ്ടെന്നും ഇക്കാര്യം അതാത് മാധ്യമങ്ങളുടെ പ്രതിനിധികളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോഫീ ബോഡ് അധികൃതര്‍ പറയുന്നു.

This post was last modified on May 19, 2017 2:58 pm