X

നവോത്ഥാന സംഘടനകളെ ജാതി സംഘടനകളെന്ന് വിളിച്ച് ആക്ഷേപിച്ചു: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി

വനിതാ മതില്‍ പൊളിക്കുമെന്ന് പറഞ്ഞത് സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളെ ജാതി സംഘടനകളെന്ന് വിളിച്ച് ആക്ഷേപിച്ചതായി മുഖ്യമന്ത്രി ആരോപിച്ചു. പദവിക്ക് നിരക്കാത്ത പദപ്രയോഗമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. വനിതാ മതില്‍ പൊളിക്കുമെന്ന് പറഞ്ഞത് സ്ത്രീവിരുദ്ധമാണെന്നും പുരുഷമേധാവിത്ത മനോഭാവമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി വിവിധ ജാതി, മത സംഘടനകളുടെ യോഗം വിളിച്ച് വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. നവോത്ഥാന സംഘടനാ നേതാക്കളെ എടുക്കാച്ചരക്കുകള്‍ എന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് അധിക്ഷേപിച്ചത് അപലപനീയമാണ്. കോണ്‍ഗ്രസ് നവോത്ഥാന പൈതൃകത്തെ നിരാകരിക്കുകയാണ്. ആര്‍എസ്എസിന്റേയും കോണ്‍ഗ്രസിന്റേയും നിലപാടുകള്‍ സമാനമായി. ചെന്നിത്തല മര്യാദയുടെ പരിധി വിടുകയാണ്.

നവോത്ഥാനചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചവരാണ് സ്ത്രീകള്‍. എന്നാല്‍ അവരെ ചരിത്രത്തില്‍ വേണ്ടവിധം അടയാളപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം വനിതാമതില്‍ പരിപാടിയില്‍ പങ്കെടുക്കാത്തവരെല്ലാം മോശക്കാരാണ് എന്ന അഭിപ്രായമില്ലെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പൂർണരൂപം

നവോത്ഥാന പൈതൃകമുള്ള സാമൂഹ്യസംഘടനകളെയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിനു വലിയ സംഭാവനകള്‍ നല്‍കിയവരുടെ പിന്മുറക്കാരെന്ന നിലയിലാണ് അവരെ ക്ഷണിച്ചത്.

ക്ഷണിക്കപ്പെട്ടവരില്‍ ചില സംഘടനകള്‍ വന്നു. ചിലര്‍ വന്നില്ല. വരാത്തവര്‍ മോശക്കാരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. എന്നാല്‍, സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് യോഗത്തിനെത്തിയ സംഘടനകളെയും അതിന്‍റെ നേതാക്കളെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് എടുക്കുന്നത്. കേവലം ജാതിസംഘടനകള്‍ എന്ന നിലയ്ക്ക് നവോത്ഥാന പൈതൃകമുള്ള പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്.

‘സമൂഹത്തിലെ എടുക്കാച്ചരക്കുകളെ മുഴുവന്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്’. ഇതുവഴി പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. നവോത്ഥാന പൈതൃകമുള്ള ഈ സംഘടനകളോടും അതിന്‍റെ നേതാക്കളോടും പ്രതിപക്ഷ നേതാവിന് പുച്ഛമാണ്. പ്രതിപക്ഷത്തെ ഇതര കക്ഷികള്‍, കോണ്‍ഗ്രസിലെ തന്നെ ഇതര നേതാക്കള്‍ ഈ നിലപാട് പങ്കിടുന്നുണ്ടോ?

കേരളത്തിന്‍റെ നവോത്ഥാനമൂല്യങ്ങളെ പുതിയ കാലത്തിനനുസൃതമായി മുമ്പോട്ടുകൊണ്ടുപോകുന്നതില്‍ ഈ സംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട് എന്നാണ് കരുതുന്നത്. കേരളീയ സമൂഹത്തിന്‍റെ പുരോഗമനോډുഖമായ വികാസത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ നിരാകരിക്കുക കൂടിയാണ് പ്രതിപക്ഷ നേതാവ്.

ഇക്കാലത്തെ നവോത്ഥാന സംരംഭങ്ങളില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മുഖംതിരിച്ചു നില്‍ക്കുന്നത് എന്നത് ഇവരുടെ ഈ മനോഭാവത്തില്‍ നിന്നുതന്നെ വ്യക്തമാണ്. ഇക്കാലത്തെ നവോത്ഥാന തുടര്‍ച്ചാ സംരംഭങ്ങളില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് എന്തുകൊണ്ട് മുഖംതിരിച്ചു നില്‍ക്കുന്നു എന്നതും ഇവരുടെ ഇപ്പോഴത്തെ ഈ നിലപാടില്‍നിന്ന് വ്യക്തമാവുന്നുണ്ട്. നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നതില്‍ ആര്‍എസ്എസിന്‍റെ നിലപാടുകളും കോണ്‍ഗ്രസിന്‍റെ നിലപാടുകളും ഒന്നാവുകയാണ്. ഈ പുരോഗമനവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ മനോഭാവമാണ് പ്രതിപക്ഷ നേതാവ് പുലര്‍ത്തുന്നത്.

വനിതാ മതില്‍ ജനങ്ങള്‍ പൊളിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സംഘടനകളുടെ യോഗത്തില്‍ പൊതുവില്‍ എടുത്ത തീരുമാനമാണ് വനിതാ മതില്‍. ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നില്ല. യോഗത്തിലെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പൊതു വികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്.

ദേശീയ പ്രസ്ഥാനത്തിന്‍റെ ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ സത്തയ്ക്ക് അനുസൃതമായ തീരുമാനമാണ് സംഘടനകളുടെ യോഗത്തില്‍ എടുത്തത്. എല്ലാത്തിനുമുപരി മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കണമെന്ന സുപ്രീംകോടതി വിധിയുടെ സത്ത ഉള്‍ക്കൊള്ളുന്നതാണിത്. കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്‍റ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

മൂല്യാധിഷ്ഠിതമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ വനിതാമതിലുണ്ടാകുമ്പോള്‍ അതിനെ പൊളിക്കുമെന്നു പറയുന്നത് തീര്‍ത്തും സ്ത്രീവിരുദ്ധമാണ്. സ്ത്രീകളുടേതായ ഒരു മതിലുണ്ടാകുമ്പോള്‍ അതിനെ പൊളിക്കും എന്നുപറയുന്നതിനു പിന്നില്‍ പുരുഷമേധാവിത്വ മനോഘടനയാണ്. അതിനോട് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ പ്രതികരിക്കും. ഇത് സ്ത്രീവിരുദ്ധം മാത്രമല്ല ഭരണഘടനക്കും സുപ്രീംകോടതി വിധിക്കും നിയമവാഴ്ചയ്ക്കും കൂടി വിരുദ്ധമാണ്.

കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായും അകാരണമായും സഭ സ്തംഭിപ്പിച്ചതിനെതിരായി ജനവികാരം രൂപപ്പെട്ടുവന്നിരിക്കയാണ്. അതില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയാണ് സഭ സ്തംഭിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. സഭയില്‍ ബഹളമുണ്ടാക്കിയതും സഭയില്‍നിന്ന് ഇറങ്ങിപ്പോയതും സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതും ആരാണോ അവര്‍ തന്നെയാണ് സഭ സ്തംഭിപ്പിച്ചതിന്‍റെ ഉത്തരവാദികള്‍.

സഭാനടപടികളുമായി സഹകരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞതിന് തൊട്ടുപിന്നാലെ സഭ സ്തംഭിപ്പിക്കുന്നതിനു ശ്രമിച്ചു. അതിനു മറയിടാന്‍ സ്പീക്കര്‍ സ്ഥാനത്തെ പോലും അപകീര്‍ത്തിപ്പെടുത്തുകയാണ് അദ്ദേഹം. അതു നിര്‍ഭാഗ്യകരമാണ്. സഭാനേതാവ് കുറിപ്പ് കൊടുത്തതനുസരിച്ചാണ് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചത് എന്നു ആരോപിക്കുമ്പോള്‍ അത് സ്പീക്കര്‍ സ്ഥാനത്തെ താഴ്ത്തിക്കെട്ടലാവുന്നു. ആ
സ്ഥാനത്തിന്‍റെ ജനാധിപത്യപരമായ അധികാരാവകാശങ്ങളെ ചോദ്യം ചെയ്യലാണ്. ഇത് ജനാധിപത്യത്തില്‍ കേട്ടുകേഴ്വി ഇല്ലാത്തതാണ്. പ്രതിപക്ഷ നേതാവില്‍നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.

എന്തു ചെയ്യണം, എന്തു പറയണം, എങ്ങനെ നീങ്ങണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലാതെ എന്തൊക്കെയോ വിളിച്ചുപറയുകയാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ബിജെപി എന്ന് കേരളീയര്‍ക്കെല്ലാം അറിയാം. അവരുടെ നിലപാട് പങ്കിട്ടുകൊണ്ട്, അവരുടെ ദയനീയമായ അതേ അവസ്ഥയിലേക്ക് നിപതിക്കുകയാണ് പ്രതിപക്ഷ നേതാവും എന്നുവേണം കരുതാന്‍.

This post was last modified on December 3, 2018 7:10 pm