ബലാല്‍സംഗ കേസില്‍ ‘പീപ്ലി ലൈവ്’ കോഡയറക്ടര്‍ മെഹമ്മൂദ് ഫറൂഖിയെ വെറുതെ വിട്ടുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ അമേരിക്കയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചലച്ചിത്രകാരന്‍ കൂടിയായ ഫാറുഖിക്കെതിരെ ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ വെറുതെ വിട്ട ഹൈക്കോടതി നടപടി പിഴവായിരുന്നുവെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. എന്നാല്‍ വെള്ളിയാഴ്ച ജസ്റ്റിസ് എസ്എ ബോബ്‌ഡെയും എല്‍ നാഗേശ്വര റാവുവും അടങ്ങുന്ന ബഞ്ച് ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
2015 മാര്‍ച്ച് 28ന്, ഫറൂഖിയുടെ സുഖ്‌ദേവ് വിഹാറിലെ വീട്ടില്‍ വച്ച് തന്റെ അനുമതിയില്ലാതെ പ്രതി വദനസുരതം നടത്തുകയായിരുന്നുവെന്നാണ് കേസ്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കഴിഞ്ഞ സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി ഫറൂഖിയെ വെറുതെവിടുകയായിരുന്നു. ഇരയുടെ സമ്മതത്തെ കുറിച്ച് ഫറൂഖി മനസിലാക്കിയിരുന്നോ എന്നത് കോടതിക്ക് വ്യക്തമല്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ‘വേണ്ട എന്നതിന് എപ്പോഴും വേണ്ട എന്ന് അര്‍ത്ഥം വരണം എന്നില്ല’ എന്ന് അന്നത്തെ ഉത്തരവില്‍ ജസ്റ്റിസ് അശുതോഷ് കുമാര്‍ പറഞ്ഞിരുന്നു. സംഭവ സമയത്ത് സ്ത്രീ രതിമൂര്‍ച്ഛ അഭിനയിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ പ്രാഥമിക വാദം കേട്ട ഒരു അതിവേഗ കോടതി ഫറൂഖിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പരാതിക്കാരിയായ സ്ത്രീയുടെ മൊഴി സത്യസന്ധവും വിശ്വസനീയവുമാണെന്ന് അന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്താണ് ഉഭയ സമ്മതം എന്നതിനെ സംബന്ധിച്ച ചൂടേറിയ വിവാദങ്ങള്‍ക്ക് മൊഹമ്മൂദ് ഫറൂഖി കേസിലെ ഹൈക്കോടതി വിധി കാരണമായിരുന്നു.
This post was last modified on January 19, 2018 4:59 pm
Leave a Comment