X

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്റെ വീട് പിണറായി വിജയന്‍ സന്ദര്‍ശിച്ചു

കൊലപാതകം നടത്തി എന്നു കരുതുന്ന 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സിപിഐ അനുഭാവികള്‍ ആണ് എന്നാണ് പോലീസ് പറഞ്ഞത്

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്.

ഇന്ന് ഉച്ചയോടെ സഫീറിന്റെ കുന്തിപ്പുഴയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നു സഫീറിന്റെ പിതാവ് സിറാജുദ്ദീൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഷെ‍ാർണൂർ എംഎൽഎ പി.കെ.ശശി, സിപിഎം ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രൻ, മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഫെബ്രുവരി 25നു രാത്രി ഒൻപതു മണിയോടെയാണു സ്വന്തം തുണിക്കടയിൽ കയറി അക്രമി സംഘം സഫീറിനെ കുത്തിക്കൊന്നത്. കൊലപാതകം നടത്തി എന്നു കരുതുന്ന 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സിപിഐ അനുഭാവികള്‍ ആണ് എന്നാണ് പോലീസ് പറഞ്ഞത്.

This post was last modified on March 2, 2018 4:01 pm