X

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകയ്ക്കും പൊലീസ് മര്‍ദ്ദനം, ജാതി അധിക്ഷേപം; ഇന്ന് പ്രതിഷേധ മാര്‍ച്ച്

പ്രതീഷിനെ വിലങ്ങണിയിച്ചാണ് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. മുഖത്തും മുതുകിനും തലക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തായ സാമൂഹ്യപ്രവര്ത്തകയ്ക്കും ക്രൂര മര്‍ദ്ദനം. നാരദ റിപ്പോര്‍ട്ടര്‍ പ്രതീഷ് രമ മോഹനനും സുഹൃത്ത് ബര്‍സയുമാണ്‌ (അമൃത ഉമേഷ്) വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് മര്‍ദ്ദനത്തിനും ജാതി അധിക്ഷേപത്തിനും സദാചാര പൊലീസിംഗിനും ഇരയായത്. രാത്രി രണ്ട് മണിക്ക് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന അമൃതയെ മാതൃഭൂമി ജംഗ്ഷന് സമീപം വച്ച് പൊലീസുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തതതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍.

രണ്ടരക്കുള്ള ട്രെയിനില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിന് വേണ്ടി പോവുകയായിരുന്ന കോഴിക്കോട് വടകര സ്വദേശിയായ അമൃത, പ്രതീഷിന്റെ വീട്ടില്‍ നിന്നാണ് സ്‌റ്റേഷനിലേയ്ക്ക് പോയത്. രാത്രി രണ്ട് മണിക്കാണോ വീട്ടിലേയ്ക്ക് പോകുന്നത് എന്ന് ചോദിച്ച് പൊലീസുകാരുടെ അസഭ്യവര്‍ഷമായിരുന്നു എന്നാണ് അമൃത പറയുന്നത്. ദളിത് ആക്ടിവിസ്റ്റായ അമൃതയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

തുടര്‍ന്ന് അമൃതയെക്കൊണ്ട് പ്രതീഷിനെ ഫോണില്‍ വിളിച്ചുവരുത്തുകയും ഇരുവരേയും മര്‍ദ്ദിക്കുകയും ചെയ്തു. പുരുഷ പൊലീസുകാര്‍ അമൃതയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും വനിത പൊലീസുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇവള്‍ മാവോയിസ്്റ്റാണ് എന്ന് ഒരു പൊലീസുകാരി പറഞ്ഞതായും പറയുന്നു. പ്രതീഷിനെയും മാവോയിസ്റ്റ് എന്ന് വിളിച്ചതായി പറയുന്നു.

പ്രതീഷിനെ വിലങ്ങണിയിച്ചാണ് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ഇവിടെ വച്ചും മര്‍ദ്ദിച്ചതായും അടിവസ്ത്രത്തില്‍ നിര്‍ത്തിയതായും പരാതിയുണ്ട്. മുഖത്തും മുതുകിനും തലക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇരുവരേയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ പ്രതീഷും അമൃതയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4.30ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും.

This post was last modified on December 2, 2017 9:13 am