X

ദിലീപിനെതിരായ കുറ്റപത്രം തയ്യാര്‍: ഇതുവരെ പുറത്തുവിടാത്ത തെളിവുകളുണ്ടെന്ന് പൊലീസ്

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. ഇതുവരെ പൊലീസ് പരസ്യമാക്കാത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായിട്ടുണ്ടെന്ന് പൊലീസ്, കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ട് മാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചതെങ്കിലും മജിസ്‌ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിന് ശേഷം ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതിക്ക് നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. ഇതുവരെ പൊലീസ് പരസ്യമാക്കാത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളകളില്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കേസിന്റെ പ്രാധാന്യവും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി, വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് മുന്നില്‍ ഡിജിപി സമര്‍പ്പിക്കും. നിര്‍ണായക തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടരും. ഈ മൊബൈല്‍ ഫോണിലാണ് നടിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം.

This post was last modified on October 17, 2017 10:24 am