X

ശ്രീലങ്കന്‍ പ്രധാനമന്ത്രി വിക്രമസിംഗെ പുറത്ത്, രാജപക്സ പ്രധാനമന്ത്രി; പിന്തുണ പിന്‍വലിച്ചത് പ്രസിഡന്റ് സിരിസേനയുടെ പാര്‍ട്ടി

ശ്രീലങ്ക ഭരണഘടനാപരമായ പ്രതിസന്ധി നേരിടുകയാണ് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്തരത്തില്‍ സര്‍ക്കാരിനെ താഴെയിടാന്‍ ശ്രീലങ്കന്‍ ഭരണഘടനയുടെ 19ാം ഭേദഗതി അനുമതി നിഷേധിക്കുന്നുണ്ട്.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കി. ഗവണ്‍മെന്റിനുള്ള പിന്തുണ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് (യുപിഎഫ്എ) പിന്തുണ  പിന്‍വലിച്ചതോടെയാണ് വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദ രാജപക്‌സ അധികാരമേറ്റു.

2015ലാണ് വിക്രമസിംഗെയുടെ യുഎന്‍പിയുടെ (യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടി) പിന്തുണയോടെ സിരിസേന പ്രസിഡന്റായത്. പത്ത് വര്‍ഷത്തോളം നീണ്ട രാജപക്‌സയുടെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് സിരിസേന അധികാരത്തിലെത്തിയത്. രാജപക്‌സ പ്രസിഡന്റായിരിക്കെ ആരോഗ്യ മന്ത്രിയായിരുന്നു സിരിസേന. എന്നാല്‍ പിന്നീട് തെറ്റിപ്പിരിഞ്ഞ് രാജപക്‌സെയ്‌ക്കെതിരെ മത്സരിക്കുകയായിരുന്നു.

ശ്രീലങ്ക ഭരണഘടനാപരമായ പ്രതിസന്ധി നേരിടുകയാണ് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്തരത്തില്‍ സര്‍ക്കാരിനെ താഴെയിടാന്‍ ശ്രീലങ്കന്‍ ഭരണഘടനയുടെ 19ാം ഭേദഗതി അനുമതി നിഷേധിക്കുന്നുണ്ട്. 225 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകള്‍. രാജപക്‌സയുടേയും സിരിസേനയുടേയും കക്ഷികള്‍ക്ക് 95 സീറ്റേ മൊത്തത്തിലൂള്ളൂ. ഇത് കേവലഭൂരിപക്ഷത്തിനേക്കാള്‍ താഴെയാണ്. വിക്രമസിംഗെയുടെ യുഎന്‍പിക്ക് 106 സീറ്റുണ്ട് പാര്‍ലമെന്റില്‍. ഇവര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. എഴ് സീറ്റ് കൂടി ഭൂരിപക്ഷത്തിന് വേണം. പെട്ടെന്നുള്ള നീക്കത്തോട് യുഎന്‍പി പ്രതികരിച്ചിട്ടില്ല. വിക്രമസിംഗെയുടെ പാര്‍ട്ടിയുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതെയെ തുടര്‍ന്നാണ് സിരിസേനയുടെ പാര്‍ട്ടി സഖ്യം വിട്ടത്. സിരിസേനയെയും രാജപക്‌സയുടെ സഹോദരനും മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനുമായിരുന്ന ഗോതബായ രാജപക്‌സയേയും വധിക്കാനുള്ള ശ്രമം നടന്നെന്നും ഇത് വിക്രമസിംഗെയുടെ പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെന്നുമുള്ള പരാതി അവര്‍ക്കുണ്ട്.

സിരിസേനയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) നാല് ഏജന്റുമാരുണ്ടെന്ന് രാജപക്‌സ നേരത്തെ ആരോപിച്ചിരുന്നു. മന്ത്രി മഹീന്ദ അമരവീരയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജപക്‌സ ഇക്കാര്യം ഏറ്റെടുത്തത്. എന്നാല്‍ തന്നെ വധിക്കാന്‍ റോ ശ്രമിക്കുന്നതായി താന്‍ കാബിനറ്റ് അംഗങ്ങളോട് പറഞ്ഞെന്ന അമരവീരയുടെ വെളിപ്പെടുത്തല്‍ സിരിസേന നിഷേധിക്കുകയും ചെയ്തിരുന്നു.

This post was last modified on October 26, 2018 10:19 pm