X

മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധം: ഷബ്‌നം ഹാഷ്മി ന്യൂനപക്ഷാവകാശ പുരസ്‌കാരം തിരിച്ചുനല്‍കി

ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളും ഇത്തരം സംഭവങ്ങളില്‍ അലംഭാവം പുലര്‍ത്തുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട് - ഷബ്‌നം വ്യക്തമാക്കി.

മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി ദേശീയ ന്യൂനപക്ഷാവകാശ പുരസ്‌കാരം തിരിച്ച് നല്‍കി. ദേശീയ ന്യൂനപകക്ഷ കമ്മീഷനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ന്യൂനപക്ഷ കമ്മീഷനും സര്‍ക്കാരും പുലര്‍ത്തുന്ന അലംഭാവപൂര്‍ണമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരികെ നല്‍കിയത്. ഏറ്റവും അവസാനം ഹരിയാനയില്‍ നടന്ന ജുനൈദിന്റെ കൊലപാതകം ഷബ്‌നം ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ കമ്മീഷന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി ഷബ്‌നം ഹാഷ്മി പറഞ്ഞു. 2008ലും ഷബ്‌നം ഹാഷ്മിക്ക് ഈ പുരസ്‌കാരം ലഭിച്ചിരുന്നു.

നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഗയോറുള്‍ ഹസന്‍ റിസ്വിയെ ഷബ്‌നം രൂക്ഷമായി വിമര്‍ശിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ആഘോഷിച്ചവരെ പാകിസ്ഥാനിലേയ്ക്ക് നാട് കടത്തണമെന്ന റിസ്വിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളും ഇത്തരം സംഭവങ്ങളില്‍ അലംഭാവം പുലര്‍ത്തുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട് – ന്യൂനപക്ഷ കമ്മീഷന് അയച്ച കത്തില്‍ ഷബ്‌നം വ്യക്തമാക്കി. കമ്മീഷന്‍ ഡയറക്ടര്‍ ടിഎം സ്‌കറിയയ്ക്കാണ് ഷബ്‌നം പുരസ്‌കാരം കൈമാറിയത്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മൊഹമ്മദ് അഖ്‌ലാഖിനെ ബീഫ് ഉപയോഗിച്ചു എന്ന് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്നതിനെ തുടര്‍ന്ന് എഴുത്തുകാരും ചലച്ചിത്ര സംവിധായകരും ശാസ്ത്രജ്ഞരും അടക്കം വിവിധ മേഖലകളില്‍ പെട്ടവര്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കി പ്രതിഷേധിച്ചിരുന്നു. 2002ലെ മുസ്ലീങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത് വര്‍ഗീയ കലാപത്തിന് ശേഷവും ജമ്മു കാശ്മീരിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഷബ്‌നം ഹാഷ്മിക്ക് പുരസ്‌കാരം നല്‍കിയത്. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് പുരസ്‌കാരം നല്‍കുന്നത്. 2002ല്‍ ഒഡീഷയിലെ കന്ധമാലില്‍ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ച് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപത്തില്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഫാദര്‍ അജയ് കുമാര്‍ സിംഗിനാണ് പുരസ്‌കാരം നല്‍കിയത്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഷബ്‌നം ഹാഷ്മി സ്ഥാപിച്ച അന്‍ഹദ് എന്ന എന്‍ജിഒക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.

This post was last modified on June 28, 2017 10:13 am