X

ബാഗില്‍ ഗ്രനേഡുകള്‍: സൈനികനെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു

രാജ്യത്ത് ഏറ്റവുമധികം സുരക്ഷാക്രമീകരണങ്ങളും പരിശോധനകളുമുള്ള വിമാനത്താവളമാണ് ശ്രീനഗറിലേത്.

ബാഗില്‍ ഗ്രനേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകാശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് സൈനികനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി വിമാനത്തില്‍ കയറാനിരുന്ന, ജമ്മു ആന്‍ഡ് കാശ്മീര്‍ റൈഫിള്‍സ് 17ലെ ജവാന്‍ ഗോപാല്‍ മുഖിയയാണ് രണ്ട് ഗ്രനേഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ അറസ്റ്റിലായത്. നിയന്ത്രണരേഖയ്ക്ക് സമീപം ഉറി സെക്ടറിലാണ് ഗോപാല്‍ മുഖിയ പ്രവര്‍ത്തിക്കുന്നത്. അതേസമയം മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഗ്രനേഡ് കൊണ്ടുപോയതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ഗ്രനേഡ് കിട്ടിയത് എന്ന്് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു.

രാജ്യത്ത് ഏറ്റവുമധികം സുരക്ഷാക്രമീകരണങ്ങളും പരിശോധനകളുമുള്ള വിമാനത്താവളമാണ് ശ്രീനഗറിലേത്. എന്നാല്‍ എയര്‍പോര്‍ട്ടിനുള്ളിലേയ്ക്ക് കയറുന്ന ഭാഗത്ത് സൈനികരെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ശ്രീനഗറില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് സ്വദേശിയാണ് ഗോപാല്‍ മുഖിയ.